ലണ്ടന്‍: കൊവിഡ് 19 രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മണിക്കൂറുകള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന് ഓക്‌സിജന്‍ ട്രീറ്റ്‌മെന്റ് തുടങ്ങിയതായ വാര്‍ത്ത പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഐസിയുവിലേക്ക് മാറ്റിയതായ വാര്‍ത്തയെത്തുന്നത്. ഞായറാഴ്ച്ച രാത്രിയാണ് 55 വയസ്സുള്ള ബോറിസ് ജോണ്‍സന്റെ ആരോഗ്യനില വഷളായത്. പനിയും ചുമയും ശക്തായതോടെ ആരോഗ്യസംഘത്തിന്റെ നിര്‍ദ്ദേശാനുസരണം ലണ്ടന്‍ സെന്റ് തോമസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
കൊവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 27 മുതല്‍ തന്നെ ബോറിസ് ജോണ്‍സണ്‍ ഐസൊലേഷനിലായിരുന്നു. ഡൗണിംഗ് സ്ട്രീറ്റിലെ വീട്ടില്‍ തന്നെയായിരുന്നു ഇദ്ദേഹം ഏകാന്തവാസത്തിലായിരുന്നത്. എന്നാല്‍ രോഗലക്ഷണങ്ങള്‍ മാറാതിരുന്ന സാഹചര്യത്തില്‍ ഇന്ന് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആവശ്യമെങ്കില്‍ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കും. നല്ല പരിചരണമാണ് ബോറിസ് ജോണ്‍സന് ആശുപത്രിയില്‍ കിട്ടുന്നതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് പ്രധാനമന്ത്രിയുടെ ചുമതല വഹിക്കും. കഴിഞ്ഞ മാസം 27നാണ് ബോറിസ് ജോണ്‍സന് കൊവിഡ് സ്ഥിരീകരിച്ചത്. ബോറിസ് ജോണ്‍സന്റെ ആറുമാസം ഗര്‍ഭിണിയായ പങ്കാളിയും കൊവിഡ് ബാധിച്ച് ഐസൊലേഷനിലാണ്. അസുഖം ഭേദമായി ബോറിസ് ആശുപത്രി വിടട്ടേയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു. 24 മണിക്കൂറിനിടെ 439 പേര്‍ ബ്രിട്ടണില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 5,373.
ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നില്ല. അക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടാല്‍ മാത്രമേ എത്രത്തോളം തീവ്രമാണ് അദ്ദേഹത്തിന്റെ അവസ്ഥയെന്നതില്‍ വ്യക്തത വരികയുള്ളൂ. അമ്പതിനായിരത്തിലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് 19 വ്യാപകമായ ആദ്യഘട്ടങ്ങളില്‍ ആവശ്യത്തിന് മുന്‍കരുതലെടുത്തില്ലെന്ന കാരണത്താല്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന രാജ്യങ്ങളിലൊന്ന് കൂടിയാണ് യുകെ.