ഹൈദരാബാദ് : സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണംനഷ്ടമായ ബി.ആര്‍.എസിന് തെലങ്കാനയില്‍ തിരിച്ചടിയായി സിറ്റിങ് എം.പിമാരുടെ കൊഴിഞ്ഞുപോക്ക്. ഒരാഴ്ചക്കിടെ പാര്‍ട്ടിവിട്ടുപോയ രണ്ടുപേര്‍ക്കും ബി.ജെ.പി. ടിക്കറ്റ് നല്‍കിയതോടെ പാര്‍ട്ടി കൂടുതല്‍ വെട്ടിലായി. ബി.ജെ.പിയുടെ ആദ്യഘട്ട 195 അംഗ പട്ടികയിലാണ് ബി.ആര്‍.എസ്. വിട്ടുപോയ സിറ്റിങ് എം.പിമാര്‍ ഇടംപിടിച്ചത്.
ബി.ആര്‍.എസ്. വിട്ട നാഗര്‍കുര്‍നൂല്‍ എം.പി. പി. രാമലു വ്യാഴാഴ്ചയാണ് മകനൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്നത്. സഹിരാബാദ് എം.പി. ബി.ബി. പാട്ടീല്‍ പിറ്റേന്നും ബി.ജെ.പിയില്‍ അംഗത്വമെടുത്തു. ഇതിന് പിന്നാലെ ഞായറാഴ്ച പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ഇരുവരും ഇടംപിടിച്ചെന്നുമാത്രമല്ല, സിറ്റിങ് സീറ്റുകള്‍ തന്നെ ഇവര്‍ക്ക് ബി.ജെ.പി. അനുവദിക്കുകയും ചെയ്തു. ബി.ആര്‍.എസ്. വീണ്ടും പരിഗണിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രണ്ടുപേരും പാര്‍ട്ടിവിട്ടത്. നാഗര്‍കര്‍നൂലില്‍ അച്ചാംപേട്ട് എം.എല്‍.എ. ജി. ബാലരാജുവിനെ മത്സരിപ്പിക്കാന്‍ കെ.സി.ആര്‍. ഒരുങ്ങുന്നുവെന്ന് സൂചനയെത്തുടര്‍ന്നാണ് പി. രാമുലു പാര്‍ട്ടി വിട്ടത്.