മാരാമൺ: ലോകത്തെമ്പാടും ക്രൈസ്തവ സഭ നേരിടുന്ന പീഡനങ്ങൾക്കെതിരെ നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസിന്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ കൂട്ടായ്മ മാരാമൺ സുവാർത്ത ചർച്ചില്‍ വെച്ച് നടത്തി. ഇസ്‌ലാമിക് റിപ്പബ്ലിക്കിലും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും ക്രൂരമായ ക്രൈസ്തവ വേട്ടയാണ് നടക്കുന്നത്. ലോകത്ത് ആകമാനം ക്രൈസ്തവരിൽ ഏഴിൽ ഒരാൾ പീഡനം അനുഭവിക്കുന്നു. 4476 പേരാണ് കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്. 380 മില്യൺ ക്രൈസ്തവർ പീഡനത്തിലൂടെ കടന്നു പോകുന്നു. 7679 പള്ളികളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. 209771 പേർ വീടും രാജ്യവും വിട്ട് പാലായനം ചെയ്തു. പീഡനം നടക്കുന്ന 50 രാജ്യങ്ങളിൽ 13 രാജ്യങ്ങളിൽ വലിയ പീഡനം (extream Persecution) ആണ് നടക്കുന്നത്. ഉത്തരകൊറിയ, സോമാലിയ, യെമൻ, ലിബിയ, സുഡാൻ, എറിത്രിയ, നൈജീരിയ, പാകിസ്താൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, കോങ്ഗെ, മ്യാന്മാർ, ചൈന, സിറിയ, ബംഗ്ലാദേശ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഇന്ന് കടുത്ത പീഡനം നടക്കുന്നത്. ഇതില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്.
ആഫ്രിക്കൻ വൻകരയിലെ കൂടുതൽ ജനസംഖ്യയുള്ള പടിഞ്ഞാറൻ രാജ്യമാണ് നൈജീരിയ. ബോക്കോഹറാം എന്ന ഇസ്ലാം തീവ്രവാദ സംഘടനയും ഫുലാനികൾ എന്ന തീവ്രവാദ ഗ്രൂപ്പും ആണ് ക്രൈസ്തവരെ കൊന്നൊടുക്കുന്നത്. ക്രൈസ്തവരുടെ കൃഷിഭൂമികൾ പിടിച്ചെടുക്കുക, കന്നുകാലികളെ മോഷ്ടിക്കുക, വസ്തുക്കൾ തട്ടിയെടുക്കുക എന്നതാണ് ഫുലാനികളുടെ ആക്രമണ രീതി. നൈജീരിയയിൽ ഖിലാഫത്ത് സ്ഥാപിക്കാൻ വേണ്ടി രൂപീകരിച്ച ബോക്കോഹറാം ഗോത്രവർഗ്ഗജനതയെയും കൃഷിക്കാരെയും ക്രൂരമായി കൊന്നൊടുക്കുകയാണ്. എന്നാൽ ലോകത്തെമ്പാടും ഇത്രയും ദാരുണമായ നരഹത്യ നടന്നിട്ടും പരിഷ്കൃത സമൂഹം പ്രതികരിക്കാത്തത് അത്ഭുതകരമാണ്. പ്രതിഷേധങ്ങളിൽ സെലക്ടീവ് സമീപനം പുലർത്തുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും സാംസ്കാരിക നായകന്മാരുടെയും അവസരവാദ നിലപാടിൽ സമ്മേളനം ആശങ്ക രേഖപ്പെടുത്തി.
ഐക്യദാർഢ്യ കൂട്ടായ്മ സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ. പ്രകാശ് പി തോമസ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റവ.തോമസ് എം പുളിവേലിൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് സന്ദേശം നൽകി. റവ.ഷാജി കെ ജോർജ്, റവ.ഫാദർ മാത്യുകുട്ടി പി കെ, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് അംഗം റീനാ തോമസ്, അനീഷ് തോമസ്, റവ.ഡോ.ആർ ആർ തോമസ് വട്ടപറമ്പിൽ, ബാബു വെൻമേലി, പാസ്റ്റർ എം കെ കരുണാകരൻ, സന്തോഷ് ചാക്കോ എന്നിവർ പ്രസംഗിച്ചു.