മുംബൈ: രാജ്യവ്യാപകമായി 4 ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് പൊതുമേഖലാ ടെലികോം കമ്പിനിയായ ബി.എസ്.എന്‍.എല്‍. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറക്കിയ ടെന്‍ഡര്‍ റദ്ദാക്കി. കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ചൈനീസ് കമ്പിനികളെ ഒഴിവാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് കരുതുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് 4 ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് പ്രാദേശികമായി നിര്‍മ്മിച്ച ഘടകങ്ങളും ഉപകരണങ്ങളും പരമാവധി ഉപയോഗിക്കണമെന്ന് നീതി ആയോഗ് ശുപാര്‍ശ ചെയ്തിരുന്നു.
ടെലികോം ഉപകരണങ്ങള്‍ വിദേശ കമ്പിനികളില്‍നിന്ന് വാങ്ങരുതെന്ന നിര്‍ദേശത്തെ നേരത്തേ ബി.എസ്.എന്‍.എല്‍. എതിര്‍ക്കുകയായിരുന്നു. ചൈനീസ് കമ്പിനികളായ വാവേ, സെഡ് ടി.ഇ. തുടങ്ങിയ കമ്പിനികളും ടെന്‍ഡറില്‍ പങ്കെടുത്തിട്ടുണ്ട്. നിലവില്‍ ബി.എസ്.എന്‍.എല്ലിന്റെ 3 ജി, 2 ജി ഉപകരണങ്ങളുടെ 60 ശതമാനവും സെഡ് ടി.ഇ. കമ്പിനിയുടേതാണ്. ബാക്കി നോക്കിയ, എറിക്സണ്‍, വാവേ എന്നിവയുടേതും. നിലവില്‍ ടെലികോം വകുപ്പ് ചൈനീസ് കമ്പിനികളെയോ മറ്റേതെങ്കിലും വിദേശ കമ്പിനികളെയോ വിലക്കിയിട്ടില്ല. അതേസമയം ബി.എസ്.എന്‍.എല്ലിന്റെ 4ജി ഉപകരണങ്ങളുടെ സാങ്കേതിക ഗുണവശങ്ങള്‍ പുനര്‍നിര്‍ണയിക്കാന്‍ കെ. രാംചന്ദിന്റെ നേതൃത്വത്തില്‍ എട്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.