ദില്ലി: ഏകീകൃത സിവില്‍ കോഡിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കി ബഹുജന്‍ സമാജ് പാര്‍ട്ടി. തങ്ങളുടെ പാര്‍ട്ടി ഏകീകൃത സിവില്‍ കോഡിന് എതിരല്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. എന്നാല്‍ ഭരണഘടന അത് അടിച്ചേല്‍പ്പിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ല. യുസിസിയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ബിജെപി പരിഗണിക്കണം. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന ബിജെപി മാതൃകയില്‍ ഞങ്ങള്‍ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ട്. യുസിസിയിലൂടെ സങ്കുചിത രാഷ്ട്രീയം നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും മായാവതി ആരോപിച്ചു.
ബിജെപി അതിന്റെ നിസ്സാര രാഷ്ട്രീയ അജണ്ടയ്ക്ക് മുകളിലേക്ക് ഏകീകൃത സിവില്‍ കോഡിനെ ഉയര്‍ത്തിയാല്‍ ഞങ്ങള്‍ അതിനെ പിന്തുണയ്ക്കുമെന്നും അല്ലാത്തപക്ഷം എതിര്‍ക്കുമെന്നും മായാവതി പറഞ്ഞു. യു.സി.സിയെ ചര്‍ച്ചാ വിഷയമാക്കി ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഭരണഘടനയില്‍ യു.സി.സിയെ കുറിച്ച് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ബിഎസ്പി അധ്യക്ഷ വ്യക്തമാക്കി.