എറണാകുളം : ഭൂമി സംബന്ധമായ ബിടിആർ രേഖ തിരുത്താൻ സഹായിക്കാമെന്ന പേരിൽ നടക്കുന്ന തട്ടിപ്പിനെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ്. ബിടിആർ രേഖ തിരുത്താൻ സഹായിക്കാമെന്ന അറിയിപ്പുമായി കോതമംഗലം താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ പരസ്യ ബോർഡുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിൽ യാഥാർഥ്യമില്ല. ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയിൽപ്പെട്ട് സാമ്പത്തിക ചൂഷണത്തിനിരയാകരുത് .
ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. ബി ടി ആർ എന്നത് സർക്കാർ അധീനതയിലുള്ള രജിസ്റ്ററാണ്. റവന്യൂ ഓഫീസുകളിൽ സൂക്ഷിച്ചിട്ടുള്ള ഭൂമി സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തുന്ന സുപ്രധാന രേഖയാണിത്. രേഖകളിൽ മാറ്റം വരുത്താൻ സ്വകാര്യ സ്ഥാപനങ്ങളെയോ വ്യക്തികളെയോ സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ല.
ഭൂമി തരം മാറ്റുന്നത് 2008 ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമാണ്. ആർ ഡി ഒ, താലൂക്ക്, വില്ലേജ്, കൃഷിഭവൻ തുടങ്ങിയ ഓഫീസുകളിലെ ഫയലുകളുടെ പരിശോധന, റവന്യൂ – കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥല പരിശോധന, റിപ്പോർട്ട് സമർപ്പിക്കൽ, സർവേ സബ്ഡിവിഷൻ തുടങ്ങിയ നടപടി ക്രമങ്ങൾക്കു ശേഷമാണ് ഭൂമി തരം മാറ്റുന്നത്. ഇതിന് ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിൽ സർക്കാർ നിശ്ചയിച്ച ഫീസ് മാത്രമാണ് ഭൂഉടമകൾ നൽകേണ്ടത്. പൂർണ്ണമായും സർക്കാർ സംവിധാനത്തിനു കീഴിലുള്ള നടപടിയാണ് ഭൂമി തരം മാറ്റൽ. ഇടനിലക്കാർ വഴിയെത്തുന്ന അപക്ഷകളും സ്വീകരിക്കില്ലെന്നും കളക്ടർ അറിയിച്ചു.