കൊല്‍ക്കത്ത: ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഭട്ടാചാര്യയെ (79) സ്വകാര്യ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലെ മെക്കാനിക്കല്‍ വെന്റിലേറ്ററിലേക്ക് മാറ്റി. അദ്ദേഹത്തെ പാം അവന്യൂവിലെ വസതിയില്‍ നിന്ന് ഗ്രീന്‍ കോറിഡോര്‍ വഴിയാണ് എത്തിച്ചത്.
2000 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായിരുന്ന ഭട്ടാചാര്യ കുറച്ചുകാലമായി ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് മറ്റ് വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നു. ‘അദ്ദേഹത്തിന്റെ നില അതീവഗുരുതരമാണ്. അദ്ദേഹത്തെ പരിശോധിച്ചുവരികയാണ്. ഉച്ചയോടെ ഓക്സിജന്‍ സാച്ചുറേഷന്‍ 70 ശതമാനമായി കുറഞ്ഞു. തുടര്‍ന്ന് അബോധാവസ്ഥയിലാവുകയും ചെയ്തു. പിന്നീടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചത്’- ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു.