കോഴിക്കോട് : രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് കോര്‍പ്പറേറ്റ് ബജറ്റെന്ന വിമര്‍ശനവുമായി ബി.ജെ.പി നേതാവ് എം.ടി രമേശ്. ചെലവ് ചുരുക്കാനും വരുമാനം വര്‍ദ്ധിപ്പിക്കാനും പണത്തിന്റെ ഒഴുക്ക് ഉറപ്പാക്കാനും ബജറ്റില്‍ കാര്യമായി പദ്ധതികളില്ല. ബജറ്റ് ഏറെ നിരാശാജനകമാണെന്ന് എംടി രമേശ് പറഞ്ഞു. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞ ദാരിദ്ര്യ ലഘൂകരണ പദ്ധതികളിലൊന്ന് പോലും പുതുക്കിയ ബജറ്റില്‍ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ബജറ്റിനെതിരെ രംഗത്ത് വന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആ പെരുംനുണയുടെ ബാധ്യതയുള്ള ബജറ്റ്
കഴിഞ്ഞ സര്‍ക്കാരിന്റെ ധനമന്ത്രി തോമസ് ഐസക് അവകാശപ്പെട്ടത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാണെന്നായിരുന്നു. പുതിയ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തോമസ് ഐസകിന്റെ അവകാശവാദം പൂര്‍ണമായും തള്ളിക്കളയുകയാണ്. ആശങ്കാജനകമായ സാമ്പത്തിക സ്ഥിതിയാണ് നിലവിലുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
എങ്കില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഒടുവില്‍ അവതരിപ്പിച്ച ബജറ്റില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെകക്കുറിച്ച് തോമസ് ഐസക് നുണപറഞ്ഞത് എന്തിനായിരുന്നു.? അദ്ദേഹം പറഞ്ഞ പെരും നുണയുടെ ബാധ്യത തുടര്‍ഭരണം വന്നപ്പോള്‍ എല്‍ഡിഎഫിന് തന്നെ വന്നുചേര്‍ന്നിരിക്കുന്നു. ഇനി ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടമെടുക്കുകയല്ലാതെ മറ്റൊരു വഴിയും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നില്ല.
എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞ ദാരിദ്ര്യ ലഘൂകരണ പദ്ധതികളിലൊന്ന് പോലും പുതുക്കിയ ബജറ്റില്‍ ഇല്ല. സംസ്ഥാനത്തിന്റെ നികുതി വരുമാനം മെച്ചപ്പെടുത്താന്‍ നികുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ള നടപടികളും പ്രഖ്യാപിച്ചില്ല, കോടിക്കണക്കിന് നികുതി കുടിശ്ശിക പിരിച്ചെടുത്താല്‍ സംസ്ഥാന ഖജനാവിന് ഇപ്പോള്‍ മുതല്‍ക്കൂട്ടായേനെ. മുഖ്യമന്ത്രിയുടെ മുതലാളി സുഹൃത്തുക്കള്‍ കുടിശ്ശിക പിരിച്ചെടുക്കാന്‍ അനുവദിക്കില്ലെന്ന് തോന്നുന്നു.
കോര്‍പ്പറേറ്റ് കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടില്‍ ഖജനാവില്‍ പട്ടി പെറ്റ് കിടന്നാലും മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാകില്ല. കാരണം തന്റെ സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന കോര്‍പ്പറേറ്റുകളെ പിണക്കാന്‍ പിണറായി വിജയന്‍ തയ്യാറല്ല, ചെലവ് ചുരുക്കാനും വരുമാനം വര്‍ധിപ്പിക്കാനും പണത്തിന്റെ ഒഴുക്ക് ഉറപ്പാക്കാനും കാര്യമായ പദ്ധതികളില്ലാത്ത ഈ ബജറ്റ് ഏറെ നിരാശാജനകമാണ്.