ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിക്കും കര്‍ഷകപ്രക്ഷോഭത്തിനുമിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് തുടങ്ങി. രാജ്യത്തെ ആദ്യ കടലാസ് രഹിത ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. ബജറ്റിന് അംഗീകാരം നല്‍കാനായി കേന്ദ്രമന്ത്രിസഭായോഗം ചേര്‍ന്നിരുന്നു. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി രാഷ്ട്രപതിയെയും കണ്ടിരുന്നു. ബജറ്റ് പ്രഖ്യാപനങ്ങളും നികുതി വിവരങ്ങളും ആപ്പ് വഴി ലഭ്യമാക്കും. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ സ്മാര്‍ട്‌ഫോണുകള്‍ക്കായി പ്രത്യേക ബജറ്റ് ആപ് തയ്യാറാക്കിയിട്ടുണ്ട്.
ബജറ്റ് അവതരിപ്പിച്ച ശേഷം കേന്ദ്രസര്‍ക്കാരിന്റെ വിവിധ വെബ്‌സൈറ്റുകളില്‍നിന്നുള്ള വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാവും. രാജ്യത്ത് ഉടലെടുത്ത രൂക്ഷമായ സാമ്പത്തിക മാന്ദ്യം മറികടക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ബജറ്റിന് നിര്‍വഹിക്കാനുള്ളത്. കൊവിഡ് മഹാമാരിയെ നേരിടാനുള്ള കൂടുതല്‍ പദ്ധതികള്‍, തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതല്‍ തുക, കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പ്രത്യേക സഹായം, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ മധ്യവര്‍ഗത്തെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ തുടങ്ങിയ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷ.
അതേസമയം, പൊതുബജറ്റില്‍ കാര്യമായ നികുതി ഇളവിന് സാധ്യതയില്ലെന്നാണ് റിപോര്‍ട്ടുകള്‍. വളര്‍ച്ച ഉറപ്പാക്കാനും കര്‍ഷകരെ കൂടെ നിര്‍ത്താനുമുള്ള പ്രഖ്യാപനങ്ങളുണ്ടാവും. കര്‍ഷകപ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് കാര്‍ഷിക മേഖലയ്ക്കുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചേക്കും. 15ാം ധനകാര്യകമ്മീഷന്‍ റിപോര്‍ട്ടും ധനമന്ത്രി സഭയില്‍ വയ്ക്കും. കൊവിഡ് സെസിനുള്ള നിര്‍ദേശം വന്നാല്‍ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.