കോഴഞ്ചേരി : ഭൂരിപക്ഷം അംഗങ്ങളും പങ്കെടുത്തില്ല ഗ്രാമപഞ്ചായത്തില്‍ ബജറ്റ് അവതരണം മുടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബജറ്റ് അവതരിപ്പിക്കേണ്ട വൈസ് പ്രസിഡന്റ് മിനി സുരേഷും സി.പി.എം അംഗം ബിജിലി പി ഈശോയുമാണ് പങ്കെടുത്തത്. കേരള കോണ്‍ഗ്രസിലെ റോയി ഫിലിപ്പിനെ പ്രസിഡന്റാക്കി ഇടതു മുന്നണി ഭരണം നടത്തുന്ന പഞ്ചായത്തില്‍ നാല് ഭരണ മുന്നണി അംഗങ്ങള്‍ക്ക് ഒപ്പം പ്രതിപക്ഷമായ കോണ്‍ഗ്രസ്, ബി.ജെ.പി എന്നീ കക്ഷികളിലെ അഞ്ച് പേരും പങ്കെടുത്തില്ല. ആകെയുള്ള 13 ല്‍ 10 അംഗങ്ങള്‍ ബഹിഷ്‌കരണം നടത്തിയതോടെ യോഗം ചേരാന്‍ കഴിയാതെ വരികയായിരുന്നു. ഭരണ മുന്നണിയില്‍ നിന്നുള്ള സ്‌ഥിരം സമതി അധ്യക്ഷന്മാരായ ജനതാദളിലെ ബിജോ പി. മാത്യു, സി.പി.എമ്മിലെ സോണി കൊച്ചുതുണ്ടിയില്‍ എന്നിവരും ബി.ജെ.പിയിലെ സുമിത ഉദയകുമാറും വിട്ട് നിന്നവരില്‍ ഉള്‍പ്പെടുന്നു.
ഏറെക്കാലമായി കലുഷിതമായ അന്തരീക്ഷത്തില്‍ ഭരണം മുന്നോട്ട് പോകുന്ന ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അഞ്ച് പേരാണ് ഇതിനെ പിന്തുണച്ചിരിക്കുന്നത്. ഈ പ്രമേയം 18 ന് പരിഗണിക്കാനിരിക്കെയാണ് പെട്ടെന്ന് ബജറ്റ് യോഗം വിളിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ബഹിഷ്‌കരണം നടത്തിയത്. എല്‍.ഡി.എഫില്‍ തര്‍ക്കമാണെന്നും അതാണ് ബജറ്റ് ചര്‍ച്ച നടക്കാതെ പോയതെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സുനിത ഫിലിപ്പ് ആരോപിച്ചു. ഭൂരിപക്ഷം നഷ്‌ടപ്പെട്ട പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വെച്ച് ഒഴിഞ്ഞു പോകണമെന്ന് കോണ്‍ഗ്രസ് മെമ്പര്‍മാര്‍മാരായ ജിജി വര്‍ഗീസ്, റാണി കോശി എന്നിവര്‍ ആവശ്യപ്പെട്ടു. യു.ഡി.എഫില്‍ നിന്നും കേരള കോണ്‍ഗ്രസ് അംഗങ്ങളെ അടര്‍ത്തി എല്‍.ഡി.എഫില്‍ എത്തിച്ചാണ് കോഴഞ്ചേരിയില്‍ ഭരണം പിടിച്ചത്.
എന്നാല്‍ തുടക്കം മുതല്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ആകെയുള്ള രണ്ട് സി.പി.എം അംഗങ്ങള്‍ തമ്മിലും ഇടത് മുന്നണിയിലും ഉണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് ഇപ്പോള്‍ ഭരണ കക്ഷി അംഗങ്ങള്‍ തന്നെ യോഗം ബഹിഷ്‌കരിക്കുന്ന ഘട്ടം വരെ എത്തിയത്.