മനാമ : ധനകാര്യ വകുപ്പ് മന്ത്രി ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റ് നിരാശജനകവും സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി എന്ന നിലയിൽ ഉള്ള ഭരണഘടന ബാധ്യത നിറവേറ്റിയതായി മാത്രമേ കാണുന്നൊള്ളു എന്നും ബഹ്‌റൈൻ ഒഐസിസി അഭിപ്രായപെട്ടു. സമൂഹത്തിൽ ദരിദ്രരിൽ ഏറ്റവും ദരിദ്രരായ ക്ഷേമ പെൻഷനുകൾ വാങ്ങുന്ന ആളുകൾക്ക് ഒരു ചെറിയ ശതമാനം പോലും വർധിപ്പിക്കാൻ ശ്രമിക്കാതെ ഇരുന്നത് പാവങ്ങളോട് ഈ സർക്കാരിന് ഉള്ള അവഗണനയുടെ ഉദാഹരണമാണ്. പ്രവാസികളെ പൂർണ്ണമായും ഒഴിവാക്കിയ ധനകാര്യ മന്ത്രി രാജ്യത്തിനും സംസ്ഥാനത്തിനും നൽകുന്ന സംഭാവനകൾ കൃത്യമായി ബഡ്ജറ്റിൽ
ചൂണ്ടികാണിച്ചിട്ടുണ്ട്. പക്ഷെ പാവപ്പെട്ട പ്രവാസികളെ പരിഗണിക്കാനോ, തെരഞ്ഞെടുപ്പ് സമയത്തു പറഞ്ഞ പെൻഷൻ വർദ്ധിപ്പിക്കാനോ തയാറാകാത്ത ധനകാര്യ മന്ത്രി പ്രവാസികളോട് തികഞ്ഞ അവഗണന ആണ് കാണിച്ചിട്ടുള്ളത്.
ഗ്രാമീണ മേഖലയുടെ വികസനത്തിന് ഒത്തിരി കാര്യങ്ങൾ ചെയ്തു എന്ന് പറയുന്ന ധനകാര്യ മന്ത്രി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉള്ള പദ്ധതി വിഹിതം 5 ശതമാനമാണ് വർധപ്പിച്ചതായി ബഡ്ജറ്റിൽ കാണുവാൻ സാധിക്കുന്നത്. മുൻകാലങ്ങളിൽ കണ്ടുവരുന്നത് പോലെ സമയബന്ധിതമായി പ്ലാൻ ഫണ്ടുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുവാനോ, ക്യാരി ഓവറായി വരുന്ന തുക യു ഡി എഫ് സർക്കാരിന്റെ കാലഘട്ടങ്ങളിൽ ഉള്ളത് പോലെ അടുത്ത വർഷം വിനിയോഗിക്കാൻ ഉള്ള അനുമതിയോ കഴിഞ്ഞകാലങ്ങളിൽ നൽകിയിട്ടില്ല. മലയാളികളുടെ ഹൃദയത്തിൽ വലിയ വേദന ഉണ്ടാക്കിയ വയനാട് ദുരന്തത്തിൽ പെട്ട ആളുകളെ സഹായിക്കാൻ പറ്റുന്ന വിധത്തിൽ ഒരു പദ്ധതി പ്രഖ്യാപിക്കാൻ കേരളസർക്കാരിനും സാധിച്ചിട്ടില്ല. കേന്ദ്ര സർക്കാർ പൂർണ്ണമായും അവഗണിച്ച വയനാട് ദുരന്ത ബാധിതരെ സഹായിക്കുവാനും അവർക്ക് വേണ്ടി പദ്ധതികൾ ഉണ്ടാക്കുവാനും വേണ്ടി വകയിരുത്തിയ തുക വളരെ കുറഞ്ഞുപോയി. സി എം ഡി ആർ എഫ്, എസ് ഡി എം എ, കേന്ദ്ര ഗ്രാന്റ്, സി എസ് ആർ ഫണ്ട്, പൊതു – സ്വകാര്യ മേഖലയിലെ ഫണ്ടുകൾ എല്ലാം ചേർത്ത് ഉള്ള പദ്ധതി ആണ് വയനാട്ടിൽ സർക്കാർ ആരംഭിക്കാൻ പോകുന്നത് എന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചു എങ്കിലും സംസ്ഥാന സർക്കാരിന്റെ വിഹിതം എത്ര ആണെന്ന് അറിയുവാൻ കേരളത്തിലെ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. കാർഷിക മേഖലയുടെ പുനരുദ്ധരണത്തിനും റബർ കർഷകർ നേരിടുന്ന വിലക്കുറവ് പരിഹരിക്കാൻ സർക്കാർ ബഡ്ജറ്റ് ചർച്ച വേളയിൽ തയാറാകണം എന്നും ബഹ്‌റൈൻ ഒഐസിസി സർക്കാരിനോട് ആവശ്യപ്പെട്ടു.