ന്യൂഡല്‍ഹി: കര്‍ഷകരുടെ ക്ഷേമമാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. 2020ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മത്സരാധിഷ്ഠിത കാര്‍ഷിക രംഗമുണ്ടാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ബജറ്റില്‍ കാര്‍ഷിക മേഖലക്കായി 2.83 ലക്ഷം കോടിയാണ് അനുവദിച്ചിരിക്കുന്നത്. മാതൃകാ കാര്‍ഷിക നിയമങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. കാര്‍ഷിക വായ്പകള്‍ക്കായി 15 ലക്ഷം കോടി രൂപ വകയിരുത്തും.
കര്‍ഷക ക്ഷേമത്തിനായി 16 ഇന കര്‍മ്മ പദ്ധതികളാണ് ബജറ്റില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഓരോ ഗ്രാമങ്ങളിലും കാര്‍ഷിക ഉല്‍പന്നങ്ങളുടെ ശേഖരത്തിനായി സംവിധാനം ഏര്‍പ്പെടുത്തും. വെയര്‍ ഹൗസുകളുടേയും കോള്‍ഡ് സ്റ്റോറേജുകളുടെയും മാപ്പിങ് നബാര്‍ഡ് വഴി നിര്‍വഹിക്കും. ജലദൗര്‍ലഭ്യം നേരിടാന്‍ 100 ജില്ലകള്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കും. രാജ്യത്തെ 15 ലക്ഷം കര്‍ഷകരെ സൗരോര്‍ജത്തിന്റെ ഉപയോക്താക്കളാക്കും. ഇതിനായി തരിശുഭൂമിയില്‍ സോളര്‍ പവര്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കും. കര്‍ഷകര്‍ക്കായി 20 ലക്ഷം സൗരോര്‍ജ പമ്പുകള്‍ സ്ഥാപിക്കും. ഇതിനായി പ്രധാനമന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷാ ഏവം ഉഥാന്‍ മഹാഭിയാന്‍(പി.എം കുസും) പ്രവര്‍ത്തനം വിപുലമാക്കും.
പിഎം കുസും സ്കീം വഴി മണ്ണെണ്ണയെ ആശ്രയിക്കുന്നത് അവസാനിപ്പിച്ച് സൗരോര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കും. ജൈവ വളങ്ങളുടെ സന്തുലിതമായ ഉപയോഗം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. ഇത് രാസവള പ്രയോഗങ്ങളെ കുറക്കുന്നതിന് സഹായിക്കും. വനിതകളുടെ നിയന്ത്രണത്തിലുള്ള ഗ്രാമ സംഭരണ പദ്ധതി കൊണ്ടുവരും. ഇത് കര്‍ഷകരെ കൂടുതല്‍ സംഭരിക്കാനും കടത്ത് ചെലവ് കുറക്കാനും സഹായിക്കും. തടസമില്ലാത്ത ഈ സംഭരണ സംവിധാനം കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഗ്രാമത്തിലെ വനിതകളെ ഏല്‍പ്പിക്കും. കര്‍ഷകര്‍ക്ക് അതിവേഗം ഉല്‍പന്നങ്ങള്‍ അയക്കാന്‍ കിസാന്‍ റെയില്‍ പദ്ധതി ആരംഭിക്കും. പെട്ടന്ന് കേടാകുന്ന ഉല്‍പന്നങ്ങള്‍ അയക്കാന്‍ വ്യോമ മന്ത്രാലയത്തിന്റെ കീഴില്‍ കൃഷി ഉഡാന്‍ പദ്ധതി കൊണ്ടുവരും.
ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ ഒരു ജില്ല ഒരു ഉല്‍പന്നം എന്ന പദ്ധതി നടപ്പാക്കും. പാലുല്‍പന്നങ്ങളുടെ ഉത്പാദനം ഇരട്ടിയായി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ കൊണ്ടുവരും. 2025 ഓടെ പാലുല്‍പാദനം 53.5 മില്ല്യണ്‍ മെട്രിക് ടണ്‍ എന്നത് 103 മെട്രിക് ടണ്‍ ആക്കി ഉയര്‍ത്തും. മല്‍സ്യ ഉല്‍പാദനം 2022-23 ല്‍ 2200 ലക്ഷം ടണ്ണാക്കി ഉയര്‍ത്തും. മത്സ്യമേഖലയിലുള്ളവര്‍ക്കായി സാഗര്‍ മിത്ര പദ്ധതി നടപ്പാക്കും.