തിരുവനന്തപുരം : ബഫർ സോൺ വിഷയത്തിൽ തുടർനടപടി സ്വീകരിക്കാൻ ഇന്ന് രണ്ട് നിർണായക യോഗങ്ങൾ ചേരും. വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം. സുപ്രിംകോടതിയിൽ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്യും. ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫീൽഡ് റിപ്പോർട്ട് നൽകാൻ അനുവാദവും തേടും. ഫീൽഡ് സർവേ റിപ്പോർട്ട് സമർപ്പിക്കാനായി സത്യവാങ്മൂലം നൽകാനാണ് നീക്കം. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്.
ഇടുക്കി ജില്ലയിലെ ബഫർസോൺ ഉപഗ്രഹ സർവേയിലെ അപാകത കണ്ടെത്താൻ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള പരിശോധന ഇന്ന് തുടങ്ങും. മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന സർവ്വേ നമ്പറുകൾ വനാതിർത്തിയോട് ചേർന്ന പ്രദേശമാണോ, സംരക്ഷിത വനമേഖലയുടെ അതിർത്തിയാണോ, ജനസാന്ദ്രത കൂടിയ പ്രദേശമാണോ തുടങ്ങിയവയൊക്കെയാണ് പരിശോധിക്കുക.
വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, ഡിഎഫ്ഒ നിർദേശിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ തുടങ്ങിയവരുടെ സംഘമാണ് പരിശോധന നടത്തുക. മൂന്നുദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നാണ് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. വനാതിർത്തിയിലെ വില്ലേജുകൾ, ബഫർ സോൺ സർവ്വേയുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ച വില്ലേജുകൾ എന്നിവിടങ്ങളിലെ വില്ലേജ് ഓഫീസർമാരോട് ആണ് പരിശോധന നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ ബഫർ സോൺ വിഷയത്തിൽ കോൺഗ്രസിന്‍റെ സമരത്തിനും ഇന്ന് തുടക്കമാകും.കോഴിക്കോട് കൂരാച്ചുണ്ടിൽ വൈകീട്ട് മൂന്നരയ്ക്കാണ് സമര പ്രഖ്യാപന കൺവെൻഷൻ. പ്രതിഷേധ പരിപാടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കർഷക സംഘടനകളുടെ പിന്തുണയിൽ മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.