റാന്നി: സ്വകാര്യ വ്യക്തികളുടെ ചട്ടം ലംഘിച്ചുള്ള കെട്ടിട നിർമ്മാണം മൂലം വലിയതോടുകൾ കൈതോടുകളായി ചുരുങ്ങുന്നതായി പരാതി. ഇട്ടിയപ്പാറ ടൗണിൻ്റെ മധ്യഭാഗത്തു കൂടിയുള്ള വലിയതോട് ആണ് ഇപ്പോൾ ഓരോ കെട്ടിട നിർമ്മാണം കഴിയുമ്പോൾ പല ഭാഗങ്ങളും കൈതോടുകളായി ചുരുങ്ങുന്നത്. റാന്നി പഴവങ്ങാടി പഞ്ചായത്തിലെ കോളജുമല, ആനത്തടം തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ നിന്നും മഴക്കാലത്ത് വെളളം ഒഴുകിയെത്തുന്ന തോടിനാണ് ഈ ദുര്‍ഗതി. ഇട്ടിയപ്പാറ ടൗണിൻ്റെ മധ്യഭാഗത്തു കൂടി പഴവങ്ങാടി പഞ്ചായത്ത് ബസ് സ്റ്റാൻ്റിൻ്റെ പിന്നിലൂടെ വലിയ തോട്ടിലെത്തുന്ന തോടിനാണ് ഇപ്പോൾ കൈയ്യേറ്റവും ചട്ടം ലംഘിച്ചുള്ള കെട്ടിടം പണിയും കാരണം ഞെരുങ്ങി കൈതോടായി ഒഴുകേണ്ട ഗതികേടിലായത്. കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് മുൻപ് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണം നടക്കുമ്പോൾ പന്ത്രണ്ട് മീറ്ററിൽ കൂടുതൽ വീതിയിൽ കോൺക്രീറ്റ് സ്ലാബ് നിര്‍മ്മിച്ച തോടാണ് ഇപ്പോൾ മുപ്പതോളം മീറ്റർ ദൂരം കഴിഞ്ഞപ്പോൾ അര മീറ്ററായി ചുരുങ്ങിയത്.
ഇട്ടിയപ്പാറ ടൗണിൽ വലിയ തോടിൻ്റെ ഒരു കര പഴവങ്ങാടി പഞ്ചായത്തിൻ്റെയും മറുകര സ്വകാര്യ വ്യക്തികളുടെയുമാണ്. പഞ്ചായത്തിൻ്റെ ഉടമസ്ഥയിലുള്ള സ്വകാര്യ ബസ് സ്റ്റാൻ്റിന്‍റെ ഭാഗത്ത് നിർമ്മാണ പ്രവർത്തികൾക്ക് ചട്ടം ബാധകമാകുകയും എതിർ കരയിൽ സ്വകാര്യ വ്യക്തികളുടെ നിർമ്മാണത്തിന് ചട്ടം ലംഘിച്ചുമാണ് നിർമ്മാണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സ്വകാര്യ വ്യക്തികളുടെ ചട്ടം ലംഘിച്ചുള്ള നിർമ്മാണം കാരണം മഴക്കാലത്ത് ചെറിയ മഴ പെയ്താൽ പോലും വെള്ളം ഒഴുകി പോകുവാൻ പറ്റാത്തതിനാൽ വെള്ളം കടകളിൽ കയറുന്ന അവസ്ഥയാണുള്ളത്. ടൗണിൽ ചട്ടങ്ങൾ ലംഘിച്ച് കെട്ടിടങ്ങൾ നിർമ്മിച്ച് വൻ തുകക്ക് മാസ വാടക വാങ്ങുന്ന മുതലാളിമാരുടെ നിർമ്മാണത്തിന് കൂട്ടുനില്ക്കുന്ന ഉദ്യോഗസ്ഥ ലോബികളാണ് ഇതിൻ്റെ പിന്നിലെന്നാണ് പറയുന്നത്. പഴവങ്ങാടി പഞ്ചായത്തിലടക്കം നിർമ്മാണ പ്രവൃത്തികൾക്ക് അനുമതി തേടിയെത്തുന്ന സ്വകാര്യ വ്യക്തികൾക്ക് ഉദ്യോഗസ്ഥർ ചട്ടലംഘനം മറച്ച് അനുമതി ഉണ്ടാക്കി കൊടുക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം. റാന്നിയിൽ അനധികൃത നിർമ്മാണങ്ങൾക്കും കൈയ്യേറ്റങ്ങൾക്കും പഞ്ചായത്ത്, വില്ലേജ്, താലൂക്ക് എന്നിവിടങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കണ്ണടച്ച് അനുമതി നല്കുന്നതാണ് ഇത്തരത്തിലുള്ള പ്രവൃത്തികളുടെ എണ്ണം കൂടുവാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.