കോഴിക്കോട് : നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണ് വന്‍ അപകടം. കോഴിക്കോട് താമരശ്ശേരി നോളജ് സിറ്റിയിലാണ് ബഹുനില കെട്ടിടം തകര്‍ന്നു വീണത്. സംഭവത്തില്‍ 15 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. അഞ്ച് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകട സ്ഥലത്തുനിന്നും 23 പേരെയാണ് കാണാതായത്. ഇതിൽ 17 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കി വിവരങ്ങൾ ശേഖരിച്ചു വരുകയാണെന്ന് പോലീസ് അറിയിച്ചു.
കോൺക്രീറ്റ് താങ്ങിയ തൂണുകൾ തെന്നിയതാണ് അപകടകാരണമായതെന്നാണ് വിലയിരുത്തലെന്ന് മർകസ് നോളജ് സിറ്റി സിഇഒ അബ്ദുൽ സലാം പറഞ്ഞു. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെട്ടിടത്തിന്‍റെ നിർമാണം അനുമതിയോടെ തന്നെയാണെന്നും മർകസ് അധികൃതർ അറിയിച്ചു. പ്രാഥമികമായി കെട്ടിടത്തിന് അനുമതിയില്ലെന്നാണ് വിവരമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി പറഞ്ഞു. കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി അപേക്ഷ ലഭിച്ചിരുന്നെങ്കിലും പരിശോധന നടത്തി അനുമതി നൽകുന്ന നടപടി പൂർത്തിയായിരുന്നില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നത്.