തിരുവനന്തപുരം : കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ തട്ടിപ്പ് കേസ് അന്വേഷണം അട്ടിമറിച്ച് പോലീസ്. അന്വേഷണം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും ഒരാളെപ്പോലും അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല. തട്ടിപ്പിന്‍റെ ആഴത്തേക്കുറിച്ചുള്ള പരിശോധനയിലേക്കും കടന്നില്ല. സൈബര്‍ ക്രൈം പോലീസില്‍ നിന്ന് മ്യൂസിയം പോലീസിലേക്ക് കേസ് കൈമാറിയതോടെയാണ് അന്വേഷണത്തിന് അവസാനമായത്. കോഴിക്കോട് കോര്‍പ്പറേഷന് പിന്നാലെയാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലും കെട്ടിട നമ്പര്‍ തട്ടിപ്പ് കണ്ടെത്തിയത്.
കോര്‍പ്പറേഷന്‍ മുന്നൂറോളം ഫയലുകള്‍ പരിശോധിച്ചപ്പോള്‍ മൂന്ന് കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ലഭിച്ചത് തട്ടിപ്പിലൂടെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തട്ടിപ്പിന്‍റെ വ്യാപ്തി വലുതെന്ന് തിരിച്ചറിഞ്ഞ കോര്‍പ്പറേഷന്‍ ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസിന്‍റെ അന്വേഷണത്തില്‍ ഒരാഴ്ചക്കുള്ളില്‍ ഇടനിലക്കാരും താല്‍കാലിക ജീവനക്കാരും ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായി. അറസ്റ്റിന് തൊട്ടുപിന്നാലെ സൈബര്‍ ക്രൈം പോലീസില്‍ നിന്ന് കേസ് മ്യൂസിയം പോലീസിലേക്ക് മാറ്റി ഉന്നതരുടെ ഉത്തരവെത്തി.
അന്വേഷണം അട്ടിമറിക്കാനാണ് നീക്കമെന്ന് അന്ന് ഉയര്‍ന്ന ആരോപണം ശരിവെയ്ക്കുന്നതാണ് മ്യൂസിയം പോലീസിന്‍റെ പിന്നീടുള്ള നടപടികള്‍. മ്യൂസിയം പോലീസ് അന്വേഷണം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തവരെയല്ലാതെ ഒരാളെ പോലും മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തില്ല. ഇതോടെ വ്യാജമായി കെട്ടിട നമ്പര്‍ തട്ടിയെടുത്തയാളായ ഒന്നാം പ്രതിക്ക് വരെ മുന്‍കൂര്‍ ജാമ്യം ലഭിച്ചു.
തട്ടിപ്പില്‍ പങ്കെന്ന് കണ്ടെത്തി രണ്ട് താല്‍കാലിക ജീവനക്കാരെ ആദ്യം തന്നെ കോര്‍പ്പറേഷന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. അവരെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായില്ല. കൂടുതല്‍ ഫയലുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ തട്ടിപ്പ് കണ്ടെത്തുമെന്നും ഉറപ്പാണ്. അത്തരം പരിശോധനയിലേക്കും കടന്നില്ല. ചുരുക്കത്തില്‍ നന്നായി അന്വേഷിച്ചിരുന്ന സൈബര്‍ പോലീസില്‍ നിന്ന് കേസ് ഏറ്റെടുത്ത മ്യൂസിയം പോലീസ് ആ നിമിഷം തന്നെ അന്വേഷണം മരവിപ്പിച്ചു. ഉദ്യോഗസ്ഥരാണ് പ്രതികളെന്നതില്‍ സംശയമില്ല. അവരുടെ രാഷ്ട്രീയ ബന്ധമാണ് അന്വേഷണം അട്ടിമറിക്കാന്‍ കാരണമെന്നാണ് ആക്ഷേപം.