തിരുവനന്തപുരം : തിരുവനന്തപുരം -കോഴിക്കോട് കോർപ്പറേഷനുകളിൽ കെട്ടിട നമ്പർ നൽകുന്നതിലെ തട്ടിപ്പ് കേസ് വിജിലൻസിന് കൈമാറാതെ സർക്കാർ. അറസ്റ്റിലായ ഇടനിലക്കാർക്കപ്പുറം ഉന്നതർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് വിവരം. പല തദ്ദേശ സ്ഥാപനങ്ങളിലും സമാന തട്ടിപ്പ് നടന്നിരിക്കാമെങ്കിലും അന്വേഷണം വിപുലമാക്കുന്നില്ല. കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിനും നികുതി നിർണയിക്കുന്നതിനുമായി ഐകെഎം തയ്യാറായ സഞ്ചയ എന്ന സോഫ്റ്റുവെയറിലെ പിഴവ് മുതലാക്കിയാണ് കോഴിക്കോടും തിരുവനന്തപുരത്തും തട്ടിപ്പ് നടത്തിയത്.
അനധികൃത നിർമ്മാണങ്ങൾക്ക് പ്ലാൻ പോലും വാങ്ങാതെയാണ് കെട്ടിട നമ്പറുകള്‍ ലഭിച്ചത്. താൽക്കാലിക ജീവനക്കാർ ഇടനിലക്കാരിൽ നിന്നും കൈക്കൂലി വാങ്ങി സോഫ്റ്റുവെയറിൽ കെട്ടിട നമ്പർ കിട്ടാനുള്ള അപേക്ഷ നൽകും. തട്ടിപ്പ് ശ്യഖലയിലെ കോർപ്പറേഷൻ ഓഫീസിലെ ജീവനക്കാരൻ ഈ അപേക്ഷ പരിശോധിച്ച് ഡിജിറ്റൽ സിഗ്നേച്ചർ നൽകി. കെട്ടിട നമ്പർ നൽകും. കെട്ടിടത്തിന്റെ പ്ലാനോ എഞ്ചിനീയറുടെ റിപ്പോർട്ടോ ഒന്നും ആരും കാണുകയോ പരിശോധിക്കുകയോ ചെയ്യില്ല.
മരപ്പാലം സ്വദേശി അജയഘോഷ് മൂന്നു വർഷമായി അനധികൃത നിർമ്മാണത്തിന് നമ്പർ കിട്ടാൻ അപേക്ഷയുമായി നടക്കുകയായിരുന്നു. ഒടുവിൽ ഒന്നര ലക്ഷം കൈക്കൂലി വാങ്ങി കഴിഞ്ഞ ദിവസം സൈബർ പോലീസ് അറസ്റ്റ് ചെയ്തവർ കെട്ടിടത്തിന് നമ്പർ നൽകുകയായിരുന്നു. കോർപ്പറേഷനിലെ താൽക്കാലിക ജീവനക്കാരികളും ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരുമായ ബീനാകുമാരി, സന്ധ്യ, എന്നിവർ ഇടനിലക്കാരായ ക്രിസ്റ്റഫറിന്റെയും ഷെക്സിൻെറയും സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയത്. ഇവർ നൽകുന്ന വ്യാജ അപേക്ഷകള്‍ക്ക് ഡിജിറ്റൽ സിന്ഗന്ച്ചർ ഇട്ടത് 5 വർഷമായി കോർപ്പറേഷനിൽ ജോലി ചെയ്യുന്ന സജിയെന്ന ഡേറ്റാ എൻട്രിഓപ്പറേറ്ററാണ്.
റവന്യൂ ഇൻസ്പെക്ടർ കൈവശം വെയ്‌ക്കേണ്ട ഡിജിറ്റൽ സിഗ്നേച്ചർ കൈവശം വെച്ചിരുന്നത്ഈ തൽക്കാലിക ജീവനക്കാരനാണ്. വൻ സ്വത്തു സമ്പാദനം നടത്തിയിട്ടുള്ള സജി ഇപ്പോള്‍ ഒളിവിലാണ്. നിലവിൽ അറസ്റ്റിലായ നാലുപേരുടെ ജാമ്യം ജില്ലാ സെഷൻസ് കോടതി തള്ളി. ഉദ്യോഗസ്ഥരുടെ സഹായത്തോടെ സമാനമായ തട്ടിപ്പ് മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും നടന്നിരിക്കാനാണ് സാധ്യത. പക്ഷെ കേസ് വിജിലൻസിന് കൈമാറാൻ സർക്കാർ തയ്യാറാകുന്നില്ല. ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഭരണകക്ഷിയുമായി അടുപ്പമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ചിലർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് വിവരം. സൈബർ പോലീസ് അന്വേഷിച്ചിരുന്ന കേസ് ഇന്നലെ മ്യൂസിയം പോലീസിന് കൈമാറുകയും ചെയ്തു.