കോഴിക്കോട് : കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പറിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. എന്നാല്‍ വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതിനാല്‍ വിജിലന്‍സിനെയോ മറ്റ് ഏജന്‍സികളെയോ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്ന്‍ കൈമാറിയത്. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിലവില്‍ കസ്റ്റഡിയിലുള്ള നാല് പ്രതികളെയും പോലീസ് കോടതിയില്‍ ഹാജരാക്കും. കോഴിക്കോട് കോര്‍പ്പറേഷനില്‍ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് ഇടനിലക്കാര്‍ വഴി കെട്ടിട നമ്പര്‍ വാങ്ങിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസമാദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം.
കോര്‍പ്പറേഷനില്‍ വന്‍ തട്ടിപ്പാണ് നടന്നത്. സെക്രട്ടറിയുടെ പാസ് വേഡ് ചോര്‍ത്തി പൊളിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നമ്പര്‍ നല്‍കി. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തു. കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജ രേഖ ചമയ്ക്കല്‍, ഐടി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.