പന്തളം : പന്തളം നഗരസഭ തുടരുന്ന അശാസ്ത്രീയ നികുതി പിരിവിനും അനധികൃത നിർമ്മാണം എന്ന മുദ്രയ്ക്കും എതിരെ കെട്ടിട ഉടമ കൂട്ടായ്മയുടെ പ്രവർത്തനം പുരോഗമിക്കുന്നു. സർക്കാർ ഉത്തരവിൽ നിലവിലെ നികുതി മൂന്നുവർഷത്തിൽ കൂടുതൽ ഡിമാൻഡ് നോട്ടീസ് നൽകി പിരിക്കുവാൻ അനുവാദമില്ലാത്ത സാഹചര്യത്തിലാണ് അനധികൃതമായി കഴിഞ്ഞ 10 വർഷത്തെ കെട്ടിടനികുതി 2024 നിർണയിച്ചത് മുൻകാല പ്രാബല്യത്തോടെ പിരിച്ചെടുക്കുന്നത്. പുതിയനികുതി 2024 ൽ നിശ്ചയിച്ചാൽ ആ വർഷം മുതൽ നടപ്പാക്കണമെന്നും ഏറ്റവും കുറഞ്ഞ നികുതി നിരക്കും നികുതി ശതമാനവും മാത്രം നിർണയിക്കണമെന്ന് ആണ് കെട്ടിട ഉടമസ്ഥ കൂട്ടായ്മയുടെ ആവശ്യം.
കഴിഞ്ഞ ഒരു വർഷമായി നഗരസഭയിലെ 80 ശതമാനം കെട്ടിടങ്ങളും അനധികൃത നിർമ്മാണം എന്ന യുഎ പതിച്ചിരുന്നു. കാലപ്പഴക്കം മൂലം ചോരുന്നതിനാൽ കെട്ടിടത്തിന് മേൽക്കൂര ഷീറ്റ് ഇട്ടാലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വേണ്ടി ഷീറ്റ് ഇട്ടാലും യു എ പതിക്കുന്നു. നഗരസഭ നിയമിച്ച കരാർ ജോലിക്കാർ യാതൊരു മാനദണ്ഡവും ഇല്ലാതെ തോന്നുന്ന രീതിയിലാണ് യുഎ പതിച്ചിരിക്കുന്നത്. അൺ ഓതറൈസ്ഡ് എന്ന യു എ “അർബൻ ഏറിയ” എന്ന് വിശദീകരിച്ചാണ് പലയിടങ്ങളിലും യു എ പതിച്ചിട്ടുള്ളതെന്നും ആക്ഷേപമുണ്ട്. സംസ്ഥാന സർക്കാരിൻറെ ഉത്തരവുകളും നിർദ്ദേശങ്ങളും അതേപടി നടപ്പിലാക്കുന്നതിന് എന്തിന് ഭരണസമിതിയും 33 കൗൺസിലർമാരും ചെയർപേഴ്സണും സർക്കാർ വാഹനവും ഡ്രൈവറും പരിധിയില്ലാത്ത ഇന്ധനവും തിരഞ്ഞെടുപ്പ് തുടങ്ങിയ ചിലവുകൾ എന്നും വില്ലേജ് ഓഫീസ്, രജിസ്റ്റർ ഓഫീസ് പോലെ ഉദ്യോഗസ്ഥർ മാത്രം മതിയാകുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനം എന്ന നിലയിലുള്ള ഒരു പ്രത്യേക അധികാരം വിനിയോഗിക്കാനുള്ള ധൈര്യം ഭരണസമിതിക്ക് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
നഗരസഭയിലെ എല്ലാവർക്കും തങ്ങൾക്ക് കൃത്യമായി അടക്കേണ്ട നികുതിയെ കുറിച്ച് അറിയാൻ ബാധ്യസ്ഥരാണ്. എന്നാൽ പന്തളം നഗരസഭയിൽ നികുതി അടിസ്ഥാനത്തിൽ എത്ര രൂപയാണെന്ന് ആർക്കും അറിയാൻ കഴിയുന്നില്ല. പലർക്കും ഉദ്യോഗസ്ഥരുടെ ഇഷ്ടമനുസരിച്ച് ആണ് നികുതി നിർണയിക്കുന്നത്. മുൻകാലങ്ങളിൽ ഉള്ള ചില നികുതി രസീതുകൾ ഒരേ നിരക്കും മറ്റു ചിലത് എല്ലാവർഷവും 5% കൂടുതൽ വീതവുമാണ് കഴിഞ്ഞവർഷം വരെ അടച്ചിരിക്കുന്നത് . നഗരസഭയിലെ ഉദ്യോഗസ്ഥരുടെ ഇടപെടിയിൽ വളരെ മോശമായ രീതിയിലാണെന്നും പന്തളം നഗരസഭയിൽ ആവശ്യങ്ങൾക്ക് വരുന്ന ഭൂരിഭാഗം ജനങ്ങളുടെയും പരാതി. ഈ ഉദ്യോഗസ്ഥരുടെ മേൽ ഭരണസമിതിക്ക് പോലും യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയാണ് സഭയിൽ നിലനിൽക്കുന്നത് . പന്തളം നഗരസഭ നിലവിൽ വന്നിട്ട് വർഷങ്ങളായെങ്കിലും മുനിസിപ്പൽ എൻജിനീയർ എന്നതിന് പകരം ഇപ്പോഴും അസിസ്റ്റൻറ് എൻജിനീയർ മാത്രമാണുള്ളത്. നഗരസഭയിൽ നടക്കുന്ന എല്ലാ അഴിമതിക്കെതിരെയും കെട്ടിട ഉടമകളുടെ കൂട്ടായ്മ വിജിലൻസ്, ഓംബുഡ്സ്മാൻ, മനുഷ്യാവകാശ കമ്മീഷൻ മുതലായവർക്ക് പരാതി നൽകുന്നതിനും തീരുമാനിച്ചു. യോഗത്തിൽ അസോസിയേഷൻ ഭാരവാഹികൾ ആയ വി സി സുഭാഷ് കുമാർ, ഇ എസ് നുജുമുദീൻ, പ്രേംശങ്കർ, പി പി ജോൺ, വർഗീസ് മാത്യു, ജോർജുകുട്ടി തുടങ്ങിയവർ സംസാരിച്ചു.