പന്തളം : നഗരസഭ അംഗങ്ങളുടെ കൗൺസിൽ മീറ്റിങ്ങുകൾ പൊതുജനങ്ങൾക്ക് വീക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പന്തളം നഗരസഭ അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇത് പരിഗണിക്കാതിരുന്നതിനാൽ തദ്ദേശ സ്വയംഭരണ വകുപ്പിനും മുഖ്യമന്ത്രിയുടെ അദാലത്തിലും പരാതി നൽകുകയും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അംഗങ്ങളുടെ മീറ്റിങ്ങുകൾ വീക്ഷിക്കുവാൻ പൊതുജനങ്ങൾക്ക് അനുവാദം നൽകണമെന്ന തിനെക്കുറിച്ച് അജണ്ട വെച്ച് തീരുമാനമെടുത്ത് സംസ്ഥാന സർക്കാരിനെ അറിയിക്കുന്നതിന് നിർദ്ദേശം നൽകുകയുണ്ടായി. ഇതിൻറെ അടിസ്ഥാനത്തിൽ പന്തളം നഗരസഭയിൽ മാർച്ച് ഏഴാം തീയതി അജണ്ട വെച്ച് കൗൺസിൽ കൂടുന്നതിന് തീരുമാനിച്ചെങ്കിലും പിന്നീട് പതിനൊന്നാം തീയതിയിലേക്ക് യോഗം മാറ്റിവെയ്ക്കുകയായിരുന്നു. ഈ യോഗങ്ങൾ വീക്ഷിക്കുന്നതിന് ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ( ബോവ) ഭാരവാഹികൾ നഗരസഭയിൽ എത്തിയെങ്കിലും കൗൺസിൽ യോഗങ്ങൾ വീക്ഷിക്കുവാനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. കൗൺസിൽ ഹാളിന്റെ വരാന്തയിൽ ഇരുന്ന ബോവ അംഗങ്ങളുടെ പ്രതിഷേധത്തിന്റെ അവസാനം കൗൺസിൽ ഹാളിൽ അഞ്ച് കസേര ഇട്ട് ബോവ അംഗങ്ങളെ ഉൾപ്പെടുത്തുകയായിരുന്നു.
ഈ വിഷയം ചർച്ച ചെയ്യുന്ന കൗൺസിൽ യോഗം നേരിട്ട് വീക്ഷിക്കുന്നതിന് നഗരസഭ സെക്രട്ടറിയുടെ അനുവാദം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അസോസിയേഷൻ അംഗങ്ങൾ എത്തിയപ്പോൾ ആണ് കൗൺസിൽ ഹാളിൽ പ്രവേശനം നിഷേധിച്ചത്. പൊതുജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ഏത് സമയവും കൗൺസിൽ മീറ്റിംഗുകൾ നിരീക്ഷിക്കാൻ ഭരണഘടനാപരമായി അവകാശമുണ്ടെന്നിരിക്കെ ബിൽഡിംഗ് ഓൺഴ്സ് വെൽഫയർ അസോസിയേഷൻ ആവശ്യപ്പെട്ട ഈ നിർദേശം കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചർച്ച ചെയ്ത് നടപ്പാക്കണം എന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ബോവ പ്രസിഡൻറ് ഇ എസ് നുജുമുദീൻ, സെക്രട്ടറി വി സി സുഭാഷ് കുമാർ, ട്രഷറർ റെജി പത്തിയിൽ, പി പി ജോൺ, ജോർജുകുട്ടി, ഹാരിസ്, നിസ്സാർ, വർഗീസ് മാത്യു, ശിവരാമൻ നായർ, പ്രേം ശങ്കർ, അശോക് കുമാർ, അലക്സി തോമസ്, എംസി ജോസ്, ബിനു ജോൺ തുടങ്ങിയവരും സന്നിഹിതരായിരുന്നു.