മുംബൈ : ഇന്ത്യന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുള്ളില്‍ നിന്നും ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തു. ബസിലെ സാധനങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്താണു വെടിയുണ്ടകളുടെ ഷെല്ലുകള്‍ കണ്ടെത്തിയത്. ചണ്ഡീഗഡിലെ താര ബ്രദേഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്ന് വാടകയ്‌ക്കെടുത്ത ബസാണ് ലങ്കന്‍ ടീമിന്റെ യാത്രകള്‍ക്ക് ഉപയോഗിച്ചത്. ടീം അംഗങ്ങള്‍ താമസിച്ച ഹോട്ടലിനു സമീപം ബസ് നിര്‍ത്തിയിട്ട സമയത്തു നടത്തിയ പരിശോധനയിലാണ് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തത്. സംഭവത്തില്‍ ബസ് ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കവെ ലഗേജ് കംപാര്‍ട്ട്‌മെന്റില്‍ നിന്നാണ് ബുള്ളറ്റ് കണ്ടെടുത്തതെന്ന് പോലീസ് പറയുന്നു. ലങ്കന്‍ ടീം ഉപയോഗിച്ച ഈ ബസ് ഒരു വിവാഹ ചടങ്ങിന്റെ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വടക്കേ ഇന്ത്യയില്‍ വിവാഹച്ചടങ്ങുകളുടെ ഭാഗമായി ആഘോഷ വെടിവയ്പുകള്‍ നടത്തുന്നതിന് നിരോധനമുണ്ടെങ്കിലും ഇപ്പോഴും ഇത് നടക്കാറുണ്ടെന്നാണ് വിവരം.