ടെൽ അവീവ് : ബെയ്റൂട്ടിൽ ഹിസ്ബുല്ലയുടെ വൻ സമ്പത്ത് കണ്ടെത്തി ഇസ്രായേൽ സേന. ഒരു ആശുപത്രിക്ക് താഴെ സ്ഥിതി ചെയ്യുന്ന ബങ്കറിൽ നിന്ന് കോടിക്കണക്കിന് ഡോളർ മൂല്യം വരുന്ന സ്വർണവും പണവുമാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം ഇസ്രായേൽ കൊലപ്പെടുത്തിയ ഹിസ്ബുള്ളയുടെ മുൻ നേതാവ് സയ്യിദ് ഹസ്സൻ നസ്രല്ലയാണ് അൽ-സഹേൽ ഹോസ്പിറ്റലിനു താഴെയുള്ള ബങ്കർ നിർമ്മിച്ചതെന്ന് ഇസ്രായേൽ ചീഫ് സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. മറ്റ് സ്ഥലങ്ങളിലെ ഹിസ്ബുള്ളയുടെ ആസ്തി ലക്ഷ്യമിട്ട് ആക്രമണങ്ങൾ തുടരുമെന്ന് ഇസ്രായേൽ സേന വ്യക്തമാക്കി. ബെയ്‌റൂട്ടിൻ്റെ ഹൃദയഭാഗത്തുള്ള അൽ-സഹേൽ ഹോസ്പിറ്റലിന് താഴെയുള്ള ഈ ബങ്കർ ദീർഘകാലത്തേയ്ക്ക് ഒളിവിൽ താമസിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് ഡാനിയൽ ഹഗാരി പറഞ്ഞു.
ബങ്കറിനുള്ളിൽ ഇപ്പോൾ കോടിക്കണക്കിന് ഡോളറിൻ്റെ പണവും സ്വർണ്ണവുമുണ്ട്. ഈ പണം ഭീകരപ്രവർത്തനത്തിനും ഇസ്രായേലിനെ ആക്രമിക്കാനും വേണ്ടി ഉപയോഗിക്കാൻ ഹിസ്ബുള്ളയെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇസ്രായേൽ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുകയാണെന്ന് ആശുപത്രിയുടെ ഡയറക്ടർ ഫാദി അലമേഹ് പറഞ്ഞു. ആശുപത്രി സന്ദർശിച്ചാൽ ഓപ്പറേഷൻ റൂമുകളും മോർഗുകളും മാത്രമേ ഉള്ളൂവെന്നും ആശുപത്രി ഒഴിപ്പിക്കുകയാണെന്നും അലമേഹ് വ്യക്തമാക്കി. എന്നാൽ ഈ ആശുപത്രിയ്ക്ക് നേരെ ആക്രമണം നടത്താൻ പോകുന്നില്ലെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.