ബദിയടുക്ക: ആദൂരിൽ വീട് കുത്തിത്തുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച കേസിലെ പ്രതി 21 വര്‍ഷത്തിന് ശേഷം അറസ്റ്റിൽ. കുണിയയിലെ ഹാഷിമിനെ(43)യാണ് അറസ്റ്റ് ചെയ്തത്. ആദൂര്‍ സി.ഐ അനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2002 നവംബറില്‍ ആണ് കേസിനാസ്പദമായ സംഭവം. ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ കുണ്ടാറില്‍ ആൾത്താമസമില്ലാതെ പൂട്ടിയിട്ട വീട് കുത്തിതുറന്ന കേസിലെ പ്രതിയാണ് ഹാഷിം.
വീട്ടുകാര്‍ ഗള്‍ഫിലാണ്. വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്തുകയറി അലമാര തുറന്നെങ്കിലും ഒന്നും കിട്ടിയില്ല. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ ഹാഷിം അടക്കം രണ്ടുപേരാണ് പ്രതികളെന്ന് വ്യക്തമാവുകയായിരുന്നു. ഈ കേസില്‍ ഇനി ഒരു പ്രതിയെ കൂടി കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.