അമരാവതി : ആന്ധ്രയിലെ പ്രകാശം ജില്ലയില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് കനാലിലേക്ക് വീണ് അപകടം. ബസിലുണ്ടായിരുന്ന ഏഴുപേര്‍ അപകടത്തെ തുടർന്ന് മരിച്ചു. കൂടാതെ 15 ലേറെപ്പേര്‍ക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. നാല്‍പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ആന്ധ്ര സംസ്ഥാനപാതയില്‍ വച്ച് അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു. കാകിനഡയില്‍ നിന്നും വന്ന ബസാണ് ദര്‍സിക്കരികെ വച്ച് സാഗര്‍ കനാലിലേക്ക് മറിഞ്ഞത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസെത്തിയാണ് പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്.
അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും വിശദമായ പരിശോധന നടക്കുകയാണെന്നും പോലീസ് അറിയിച്ചു. എതിരെ വന്ന ബസുമായി കൂട്ടിയിടിക്കാതിരിക്കാനായി വെട്ടിക്കുന്നതിനിടെ ബസ് കോണ്‍ക്രീറ്റ് ബ്ലോക്കില്‍ ഇടിച്ച് നിയന്ത്രണം വിടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. കൂടാതെ പരുക്കേറ്റവര്‍ക്ക് മതിയായ ചികില്‍സ ഉറപ്പുവരുത്താനും അദ്ദേഹം നിര്‍ദേശിച്ചു. മരിച്ചവരുടെ കുടുംബാഗംങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.