തിരുവനന്തപുരം : ബസ് ചാർജ് വർധിപ്പിച്ചത് സാധാരണ ജനങ്ങൾക്ക് ഭാരിച്ച ബാധ്യതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിരക്ക് വർധിപ്പിക്കുന്നതിൽ തെറ്റില്ല. നിലവിലെ നടപടി അശാസ്ത്രീയമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബസ് ചാർജ് വർധനവുള്ള സംസ്ഥാനം കേരളമാണെന്നും അദേഹഹം ചൂണ്ടിക്കാട്ടി. ഇന്ധന സബ്ഡിഡി അനുവദിച്ചാൽ നിരക്ക് വർധനവ് പിൻവലിക്കാൻ കഴിയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിൽവർ ലൈനിൽ ഒരു വിട്ടുവീഴ്ചയും ഇല്ല, ശക്തമായി എതിർക്കും. ഇടുന്ന കല്ലുകൾ പിഴുതെറിയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അലോക് വർമയുടെ വെളിപ്പെടുത്തൽ പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ്. മണ്ണ് പരിശോധന നടത്തിയിട്ടില്ല. കൃത്യമായ സർവേ നടത്തിയിട്ടില്ല, തട്ടിക്കൂട്ട് ഡി പി ആർ ആണ് സർക്കാരിന്റെതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരളം മുഴുവൻ പദ്ധതിയുടെ ഇരകളാണ്. ജനാധിപത്യമായ രീതിയിൽ പ്രതികരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സിൽവർലൈൻ കല്ലിടൽ പുനരാരംഭിച്ച തിരുവനന്തപുരം കരിച്ചാറയിൽ സംഘർഷം. പോലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളും. കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. സർവേ നടപടികൾ നിർത്തിവെച്ച പ്രദേശമായിരുന്നു കരിച്ചാറ. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കല്ലിടൽ നടപടി ആരംഭിക്കാൻ റവന്യൂ ഉദ്യോഗസ്ഥർ തീരുമാനിക്കുന്നത്. പദ്ധതി പ്രദേശത്ത് കല്ലിടാൻ ഉദ്യോഗസ്ഥരെത്തിയതോടെ കോൺഗ്രസ് പ്രവർത്തകർ തടയാനെത്തി. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു.