തിരുവനന്തപുരം: ജൂൺ ഏഴുമുതൽ പ്രഖ്യാപിച്ച അനിശ്ചിത കാല പണിമുടക്കിലുറച്ച് ഒരു വിഭാഗം സ്വകാര്യ ബസുടമകൾ. ഉന്നയിക്കുന്നത് വിചിത്രമായ കാര്യങ്ങളെന്നും സമ്മർദത്തിലൂടെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും ഗതാഗതമന്ത്രി ആന്റണി രാജു. പണിമുടക്ക് പ്രഖ്യാപിച്ച സംഘടനകൾ ബുധനാഴ്ച ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. പിന്നാലെയാണ് വാദപ്രതിവാദങ്ങളുമായി ഇരുകൂട്ടരും പരസ്യമായി രംഗത്തെത്തിയത്. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും 140 കിലോമീറ്ററിൽ കൂടുതൽ ദൂരമോടുന്ന സ്വകാര്യ സർവിസുകളുടെ പെർമിറ്റ് പുതുക്കി നൽകണമെന്നുമാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം.
വിദ്യാർഥി യാത്രാനിരക്ക് ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ കമീഷനെ നിയോഗിച്ചെങ്കിലും ഇനിയും റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഒരു വർഷം മുമ്പാണ് ബസുടമകൾ ആഗ്രഹിച്ചതുപോലെ ചാർജ് വർധിപ്പിച്ചതെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് ഇപ്പോൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നതെന്നുമാണ് ഗതാഗതമന്ത്രിയുടെ പ്രതികരണം. ഡീസൽ വിലയിൽ വർധനയുണ്ടായിട്ടില്ല. സമ്മർദത്തിലൂടെ അനാവശ്യ കാര്യങ്ങൾ ഉന്നയിച്ച് സമരത്തിന് ഇറങ്ങിപ്പുറപ്പെടുന്നത് ശരിയാണോയെന്ന് അവർതന്നെ ചിന്തിക്കണം.
കെ.എസ്.ആർ.ടി.സിയിലെ വിദ്യാർഥി കൺസഷൻ എടുത്തുകളയണമെന്ന വാദം കൂടി അവർ ഉന്നയിക്കുന്നുണ്ട്. വിചിത്രമായ വാദമാണിത്. കെ.എസ്.ആർ.ടി.സിയിൽ സമ്പൂർണ സൗജന്യയാത്ര നൽകരുതെന്ന് എങ്ങനെയാണ് സ്വകാര്യ ബസുടമകൾക്ക് പറയാൻ കഴിയുക. വിദ്യാർഥി കൺസഷനുമായി ബന്ധപ്പെട്ട് കമീഷനെ നിയോഗിച്ചിട്ടുണ്ട്. കഴിയുന്നതും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.