പാലക്കാട്: ബസുകളിലെ കൺസെഷൻ പ്രായം ഉയർത്തിയതിൽ ശക്തമായ പ്രതിഷേധവുമായി ബസ് ഉടമകൾ. പുതിയ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ മറ്റ് സംഘടനകളുമായി ചേർന്ന് സമരം തീരുമാനിക്കുമെന്നാണ് സംഘടനയുടെ തീരുമാനം. അതേസമയം ബസുകളിൽ സീറ്റ് ബൽറ്റ് നിർബന്ധമാക്കുന്നതിലും വിമർശനം ശക്തമാണ്. കഴിഞ്ഞ ദിവസമാണ് ബസുകളിൽ കൺസഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 ൽ നിന്നും 27 ആയി ഉയർത്തി ഉത്തരവിറങ്ങിയത്.
എന്നാൽ ഇത് സർക്കാരിന്‍റെ ഏകപക്ഷീയമായ തീരുമാനമാണെന്ന് ബസ് ഉടമകൾ പറയുന്നത്. സംഘടനകളുമായി ചർച്ച ചെയ്യാതെയാണ് നടപടി സ്വീകരിച്ചതെന്നും ഇവർ കുറ്റപ്പെടുത്തി. വിദ്യാർത്ഥികളുടെ കൺസഷൻ പ്രായം 18 വയസാക്കി കുറയ്ക്കണമെന്നും ഇവരുടെ യാത്ര നിരക്ക് വർധിപ്പിക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. ഇക്കാര്യത്തിൽ രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടി. അടുത്ത ദിവസങ്ങളിൽ മറ്റ് സംഘടനകളുമായി ചേർന്ന് സമരം ചർച്ച ചെയ്യാനാണ് സംഘടനയുടെ തീരുമാനം.