റാന്നി: സംസ്ഥാന പാതയരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്ത് സാമൂഹ്യവിരുദ്ധ അഴിഞ്ഞാട്ടം. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ എസ് സി സ്‌കൂള്‍ പടിക്കല്‍ കെ.എസ്.ടി.പി നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകര്‍ത്തത്. അടുത്ത സമയത്ത് സംസ്ഥാനപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് പുതിയതായി നിര്‍മ്മിച്ചതാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം. ആദ്യം കേന്ദ്രത്തിലെ ഫൈബര്‍ മറകളില്‍ അസഭ്യവാക്കുകള്‍ എഴുതിവെക്കുകയും വൃത്തികേടാക്കുകയാണ് ഇക്കൂട്ടര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ഫൈബര്‍ മറകള്‍ തകര്‍ത്തു കളഞ്ഞിരിക്കുകയാണ്. മഴ പെയ്താല്‍ കയറി നില്‍ക്കാനാകാത്ത വിധം മറകള്‍ തകര്‍ത്തിരിക്കുകയാണ്.
പ്ലാച്ചേരി ഭാഗത്തേക്കും റാന്നി ഭാഗത്തേക്കും പോകുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനായി രണ്ട് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് റോഡിനിരുവശത്തുമായി കെഎസ്ടിപി നിര്‍മ്മിച്ചിരുന്നത്. ഇത് രണ്ടും തകര്‍ത്ത നിലയിലാണ്. എന്നാല്‍ സമീപത്ത് മുന്‍ എംഎല്‍എ രാജു എബ്രഹാമിന്റെ ആസ്തി വികസന ഫണ്ട് വഴി നിര്‍മ്മിച്ച കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അതു പോലെതന്നെ തുടരുന്നുണ്ട് പൊതുമുതല്‍ എങ്ങനെ നശിപ്പിക്കാം എന്ന് ഗവേഷണം നടത്തുന്ന സാമൂഹിക വിരുദ്ധരെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു. രാത്രികാലങ്ങളില്‍ പോലീസ് പട്രോളിങ് ഈ റൂട്ടില്‍ ശക്തമാക്കുകയാണ് വേണ്ടത്. ഇവിടെ രാത്രികാലങ്ങളില്‍ ഇരിക്കുന്നവരില്‍ അധികവും ദൂരയുള്ളവരാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ അധികൃതര്‍ ഇടപെടല്‍ ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.