റാന്നി: മലയോരമേഖലയായ റാന്നിയില്‍ ബസ്സുകള്‍ സര്‍വീസ് മുടക്കി മുങ്ങുന്നത് പതിവാകുന്നു. സന്ധ്യയ്ക്കു ശേഷം ഓഫ്, ഞായര്‍ അവധി. ഇത് ഏതെങ്കിലും സ്ഥാപനങ്ങളില്‍ ജോലിനോക്കുന്നവരുടെ കാര്യമല്ല. താലൂക്കിലെ വിവിധ മലയോര മേഖലയിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സുകളുടെ കാര്യമാണിത്. മോട്ടോര്‍ വാഹന വകുപ്പോ പോലീസ് അധികൃതരോ വിഷയത്തില്‍ ഇതുവരെ ഇടപ്പെട്ടിട്ടില്ല. കോവിഡിനു ശേഷം നഷ്ടത്തിന്റെ കണക്കു നിരത്തിയാണ് ഞായറാഴ്ച സര്‍വ്വീസ് ഒഴിവാക്കിയതെങ്കില്‍, കോവിഡ് ലോക്ക്ഡൗണിനു മുന്‍പും റാന്നിയില്‍ ഇതു തന്നെ ആയിരുന്നു സ്ഥിതി.
ഈ കാര്യത്തില്‍ സര്‍ക്കാര്‍ എന്നോ സ്വകാര്യമെന്നോ വേര്‍തിരിവുമില്ല. റാന്നിയില്‍ നിന്ന് മലയോര മേഖലകളായ അത്തിക്കയം, പെരുനാട്, ഇടമുറി, മോതിരവയല്‍, അടിച്ചിപ്പുഴ, മണ്ണാറത്തറ തുടങ്ങിയ സ്ഥലങ്ങളിലേക്കും പ്രധാന ടൗണ്ണുകളായ വടശേരിക്കര, കോഴഞ്ചേരി, തിരുവല്ല, പത്തനംതിട്ട, കോട്ടയം , എരുമേലി എന്നീ സ്ഥലങ്ങളിലേക്കും ഒട്ടേറെ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. പകല്‍ ഇവ കൃത്യമായി സര്‍വ്വീസ് നടത്തും. സമയത്തെ ചൊല്ലി സ്റ്റാന്‍ഡില്‍ ഇടക്കിടെ ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും നടക്കും. എന്നാല്‍ സന്ധ്യകഴിഞ്ഞാല്‍ ഇവയില്‍ പലതും ട്രിപ്പ് മുടക്കും. സര്‍വ്വീസ് തുടങ്ങിയ ശേഷം സ്റ്റേ സ്ഥലം പോലും കാണാത്ത ബസ്സുകള്‍പോലും ഉണ്ട്.
യാത്രക്കാര്‍ക്ക് ഇതിന്റെ പെര്‍മിറ്റിനെപ്പറ്റി വലിയ അറിവില്ലാത്തത് ബസ്സുകാര്‍ക്ക് അനുഗ്രഹമാണ്. എന്നാല്‍ ഈ കാര്യങ്ങള്‍ കൃത്യമായി അറിയാവുന്ന മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ആകട്ടെ ഈ വഴിക്ക് തിരിഞ്ഞു നോക്കുകയുമില്ല. സന്ധ്യകഴിഞ്ഞ് ഓടേണ്ട ബസ്സുകള്‍ പലതും ഇട്ടിയപ്പാറയില്‍ സര്‍വ്വീസ് അവസാനിപ്പിക്കും. വണ്ടിക്ക് പണിയാണെന്നാണ് യാത്രക്കാര്‍ക്ക് ജീവനക്കാരുടെ മറുപടി. മലയോരങ്ങളില്‍ നിന്ന് രാവിലെ പുറം നാടുകളിലെത്തേണ്ടവരും സന്ധ്യകഴിഞ്ഞ് വീട്ടിലെത്തേണ്ടവരും ഇതുമൂലം വന്‍ തുക മുടക്കി ഓട്ടോറിക്ഷയോ മറ്റു ടാക്സികളേയോ ആശ്രയിക്കേണ്ടി വരും. ഇതേ അവസ്ഥയാണ് ആഴ്ചയില്‍ ആറു ദിവസവും സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ഞായറാഴ്ച ദിനങ്ങളില്‍ കാണിക്കുന്നതും.
യാത്രക്കാര്‍ കുറവാണെന്ന കാരണമാണ് ഇതിന് ജീവനക്കാരും ഉടമകളും പറയുന്ന ന്യായം. ഞായറാഴ്ച റാന്നി ബസ് സ്റ്റാന്‍ഡിലും ടൗണ്ണിന്റെ പരിസരങ്ങളിലും സഞ്ചരിച്ചാല്‍ സര്‍വ്വീസ് നടത്താതെ നിര്‍ത്തിയിട്ടിരിക്കുന്ന ഒട്ടേറെ ബസ്സുകള്‍ കാണാം. ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകള്‍ക്ക് ഒപ്പമുണ്ട്. ഇവരുടെ വാദം പക്ഷേ വിചിത്രമാണ്, ജീവനക്കാര്‍ ഇല്ല എന്നാണ്. പല സ്വകാര്യ ബസ്സുകളുടേയും സമയത്ത് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയാണ് സര്‍വ്വീസ് നടത്തുന്നത്. എന്നിട്ടും മലയോര മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.
പുതിയതായി മലയോര മേഖലയിലേക്ക് പെര്‍മിറ്റ് എടുക്കുന്ന ബസ്സുകളും നിലവിലുള്ളതും പകല്‍ നേരങ്ങളില്‍ മാത്രമാണ് ഇവിടങ്ങളില്‍ എത്തുന്നത്. അവ കൃത്യമായി സര്‍വ്വീസ് നടത്തിയാല്‍ യാത്രാക്ലേശം പരിഹരിക്കാന്‍ കഴിയും. പക്ഷേ ഇതിന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ മനസ്സുവെക്കണം. അതേ പ്രശ്നം തന്നെയാണ് പെരുമ്പുഴ ബസ് സ്റ്റാന്‍ഡിനോടും ബസ് ജീവനക്കാര്‍ കാട്ടുന്നത്. റാന്നി വഴി സര്‍വ്വീസ് നടത്തുന്ന എല്ലാ ബസ്സുകളും വരുമ്പോഴും പോകുമ്പോഴും പെരുമ്പുഴ സ്റ്റാന്‍ഡില്‍ എത്തണമെന്ന് ഹൈക്കോടതി ഉത്തരവ് ഉള്ളതാണ്. ഇത് പലരും പാലിക്കുന്നില്ല. യാത്രക്കാരെ പെരുവഴിയില്‍ ഇറക്കിവിടുന്നത് ചോദ്യം ചെയ്യുന്നവരെ ജീവനക്കാര്‍ അസഭ്യം പറയുന്നതും നിത്യ സംഭവമാണ്. ഇത് പരാതി ആയാലും നടപടി ഒന്നുമുണ്ടാകാറില്ല. അധികൃതരുടെ മൗനസമ്മതമാണ് ഇത്തരം പ്രവണത കാട്ടാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നതെന്നാണ് യാത്രക്കാരുടെ അഭിപ്രായം.