ഗ്രീൻ ഹൈഡ്രജൻ രംഗത്ത് പുതിയ വമ്പൻ പദ്ധതികൾക്കായി ഒരുങ്ങുകയാണ് മുകേഷ് അംബാനിയും അദാനിയും. ഏകദേശം മൂന്ന് നൂറ്റാണ്ടുകളായി ആഗോളതലത്തിൽ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്നത് ഫോസിൽ ഇന്ധനങ്ങളാണെങ്കിലും ഇങ്ങനെ കൂടുതൽ കാലം തുടരാനാവില്ലെന്ന് മുകേഷ് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിലേക്കും പുതിയ ഊർജ്ജ സാങ്കേതിക വിദ്യകളിലേക്കും കമ്പനി മാറുകയാണ്. സൗരോർജ്ജ രംഗത്തും ഹരിത ഹൈഡ്രജൻ നിർമ്മാണ രംഗത്തും കൂടുതൽ മുന്നേറ്റത്തിനൊരുങ്ങുകയാണ് അംബാനി.
പരമ്പരാഗത ഇന്ധനങ്ങൾക്കുള്ള ബദലായി ഹരിത ഹൈഡ്രജൻ ഉപയോഗിക്കുക എന്നതാണ് റിലയൻസ് ലക്ഷ്യമിടുന്നത്. 2023- സാമ്പത്തിക വർഷത്തിൽ കമ്പനി ഹരിത ഹൈഡ്രജൻ ഉത്പാദനം തുടങ്ങിയിരുന്നു. ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദനത്തിന് ഏറ്റവും കുറഞ്ഞ പ്രവർത്തനച്ചെലവ് വാഗ്ദാനം ചെയ്യുന്ന, പേറ്റൻറ് നേടിയ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിനായി പ്രത്യേക പ്ലാന്റുകൾ നിർമിക്കുന്നതിനൊരുങ്ങുകയാണ് കമ്പനി. 2025 ഓടെ പൂർണമായി ഗ്രീൻ ഹൈഡ്രജനിലേക്ക് മാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഭാരത് ബെൻസുമായി ചേർന്ന് ഹൈഡ്രജനിൽ ഓടുന്ന ഇൻറർസിറ്റി ലക്ഷ്വറി ബസുകളുടെ മാതൃക റിലയൻസ് നേരത്തെ അവതരിപ്പിച്ചിരുന്നു. അടുത്ത ഏതാനും മാസങ്ങളിൽ ഇതിനായുള്ള വിപുലമായ പരീക്ഷണങ്ങളും സുരക്ഷാ പരീക്ഷണങ്ങളും നടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ന്യൂ മൊബിലിറ്റി സിഇഒ നിതിൻ സേത്ത് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പരീക്ഷണങ്ങൾ വിജയിച്ചാൽ ഈ രംഗത്ത് റിലയൻസ് പുതിയ അധ്യായം രചിക്കും.
സമാനമായി ഗ്രീൻ ഹൈഡ്രജൻ രംഗത്ത് വമ്പൻ നിക്ഷേപമാണ് അദാനി ഗ്രൂപ്പും നടത്തുന്നത്. അദാനി ഗ്രൂപ്പും ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾക്കായി കൂടുതൽ തുക വകയിരുത്തുകയാണ്. ഈ രംഗത്തെ പദ്ധതികൾക്കായി 400 കോടി ഡോളർ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. ഹരിതോർജ രംഗത്തെ സർക്കാരിൻെറ നയങ്ങൾക്കനുസരിച്ച് ബിസിനസ് വിപുലീകരിക്കുകയാണ് മുകേഷ് അംബാനിയും അദാനിയും. പ്രത്യേകിച്ച് ഗ്രീൻ എനർജി മേഖലയിൽ. ഹരിത ഹൈഡ്രജൻ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ 211 കോടി ഡോളറിന്റെ പദ്ധതി ആരംഭിച്ചതിനെ തുടർന്നാണ് ഈ രംഗത്ത് കൂടുതൽ പദ്ധതികള്‍ പ്രഖ്യാപിച്ചത്. 2023 ജനുവരിയിൽ അംഗീകരിച്ച പദ്ധതി ഈ രംഗത്തെ കൂടുതൽ നിക്ഷേപം ലക്ഷ്യമിടുന്നു. ഒപ്പം ലോകത്തിലെ ഹരിത ഹൈഡ്രജൻ വിപണിയുടെ 10 ശതമാനലും ഉന്നം വെക്കുന്നു.