മുംബൈ : കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതത്തെത്തുടർന്ന് റിസർവ്വ് ബാങ്കിന്റെ 2019-20 കണക്കെടുപ്പുവർഷത്തെ വരുമാനത്തിലും നീക്കിയിരിപ്പിലും വൻ ഇടിവ്. മൊത്തം വരുമാനം 22 ശതമാനം കുറഞ്ഞ് 1,49,672 കോടി രൂപയിലൊതുങ്ങി.
2018-19ൽ ഇത് 1,93,036 കോടി രൂപയായിരുന്നു. അടിയന്തര ഫണ്ടിലേക്ക് കൂടുതൽ തുക നീക്കിവെക്കേണ്ടി വന്നതോടെ ആർ.ബി.ഐ.യിൽനിന്ന് ലാഭവീതമായി കേന്ദ്രസർക്കാരിനുള്ള തുകയിലും വലിയ കുറവുണ്ടായിട്ടുണ്ട്. വാർഷിക റിപ്പോർട്ട് പ്രകാരം 2019-20 വർഷം കേന്ദ്രസർക്കാരിന് ലഭിക്കുക 57,128 കോടി രൂപ മാത്രമായിരിക്കും. ധനക്കമ്മി കുതിച്ചുയർന്ന സാഹചര്യത്തിൽ ആർ.ബി.ഐ.യിൽനിന്നുള്ള വിഹിതം കുറഞ്ഞത് കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയാകും.
റിവേഴ്സ് റിപ്പോ ഇനത്തിൽ പലിശച്ചെലവ് ഉയർന്നതാണ് റിസർവ്വ് ബാങ്കിന്റെ വരുമാനം കുറയാൻ പ്രധാന കാരണം. ഇതുമൂലം പലിശയിനത്തിലുള്ള വരുമാനവർധന രണ്ടു ശതമാനമായി ചുരുങ്ങി. മുൻവർഷമിത് 44 ശതമാനമായിരുന്നു. ബിമൽ ജലാൻ സമിതി റിപ്പോർട്ട് പ്രകാരം അടിയന്തര ഫണ്ട് 5.5 ശതമാനത്തിൽ സൂക്ഷിക്കുന്നതിനായി 73,615 കോടി രൂപ മാറ്റിവെക്കേണ്ടിവന്നത് നീക്കിയിരിപ്പിനെ ബാധിച്ചു. കഴിഞ്ഞവർഷംവരെ ആർ.ബി.ഐ.യുടെ ആകെ ആസ്തിയുടെ 6.8 ശതമാനമായിരുന്നു അടിയന്തര ഫണ്ടായി നീക്കിവെച്ചിരുന്നത്. ബിമൽ ജലാൻ സമിതി ഇത് 5.5 ശതമാനമായി കുറച്ചപ്പോൾ 2018-19 കണക്കെടുപ്പു വർഷം മറ്റുവരുമാന വിഭാഗത്തിൽ നീക്കിയിരിപ്പിലേക്ക് 52,637 കോടി രൂപ അധികമായെത്തി. ഇതടക്കം ആകെ 1,75,987 കോടി രൂപ സർക്കാരിന് ആർ.ബി. ഐ. നൽകുകയും ചെയ്തു.
സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനും പണലഭ്യത ഉറപ്പാക്കുന്നതിനുമായി 2019-20 വർഷം റിവേഴ്സ് റിപ്പോ ഓപ്പറേഷൻസ് നടത്തിയത് പലിശയിനത്തിൽ ആർ.ബി. ഐ.ക്ക് അധികച്ചെലവുണ്ടാക്കി. വായ്പാ വിപണിയിലെ മാന്ദ്യത്തെത്തുടർന്ന് ബാങ്കുകളിൽ മിച്ചംവന്ന വൻതുക റിസർവ് ബാങ്കിൽ നിക്ഷേപിക്കപ്പെട്ടു. ഇതിന് റിവേഴ്സ് റിപ്പോ പ്രകാരമുള്ള പലിശ നൽകേണ്ടതുണ്ട്. ആർ.ബി.ഐ.യുടെ പലിശവരുമാനം ഇടിയാൻ കാരണം ഇതു രണ്ടുമാണ്.
2017-18 വർഷത്തിൽ 50,000 കോടി രൂപയായിരുന്നു ആർ.ബി.ഐ. കേന്ദ്രസർക്കാരിനു നൽകിയത്. ഇതുവെച്ചു നോക്കുമ്പോൾ ഇത്തവണ 7128 കോടിയുടെ വർധനയുണ്ടായിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഉത്പാദനത്തിൽ വലിയ ഇടിവുണ്ടാകുമെന്ന് വാർഷിക റിപ്പോർട്ടിൽ ആർ.ബി.ഐ. മുന്നറിയിപ്പുനൽകുന്നു. സുസ്ഥിരമായ വളർച്ച തിരിച്ചുകൊണ്ടുവരാൻ സാമ്പത്തിക മേഖലയിലും നിയമഘടനയിലും അന്താരാഷ്ട്ര മത്സരക്ഷമതയിലും ഘടനാപരമായി വിശാലതലത്തിൽ പരിഷ്കരണ നടപടികൾ ആവശ്യമാണെന്നും ആർ.ബി.ഐ. ചൂണ്ടിക്കാട്ടുന്നു.