തിരുവനന്തപുരം : സ്വർണം വാങ്ങുമ്പോൾ നിങ്ങൾ ബിൽ വാങ്ങാറുണ്ടോ. ഇല്ലെങ്കിൽ നിങ്ങൾ കൂട്ടുനിൽക്കുന്നത് വൻ നികുതിവെട്ടിപ്പിനാണ്. പ്രതിവർഷം സ്വർണവ്യാപാര മേഖലയിൽ 1500 കോടി രൂപയുടെ തട്ടിപ്പ് നടക്കുന്നെന്നാണ് വിവരം. ജിഎസ്‌ടിയിലെ പഴുത് മറയാക്കിയുള്ള ക്രമക്കേട് വേറെയും. ജിഎസ്‌ടിയിൽ സ്വർണനികുതി മൂന്നു ശതമാനമാണ്.
ഒന്നര ശതമാനം കേന്ദ്രത്തിനുപോയാലും കുറഞ്ഞത് 1000 കോടി സംസ്ഥാനത്തിനു ലഭിക്കണം. എന്നാൽ കഴിഞ്ഞവർഷം ഈ ഇനത്തിൽ ലഭിച്ചത് വെറും 478.2 കോടിയാണ്. സ്വർണ കള്ളക്കടത്തും ബിൽ നൽകാതെയുള്ള വിൽപ്പനയുമാണ് ഇതിനു പിന്നിൽ.
പഴയ സ്വർണം പുതുക്കി വിൽപ്പന നടത്തിയും സമാനമായ തട്ടിപ്പ് നടത്തുന്നുണ്ട്. ജിഎസ്‌ടി വന്നശേഷം, ജ്വല്ലറികളുടെ ശാഖകൾ തമ്മിൽ നടത്തുന്ന ചരക്ക്‌കൈമാറ്റം അമ്പതിരട്ടി ആയതായാണ് കണ്ടെത്തൽ. സംസ്ഥാനത്തിനു പുറത്തുള്ള ശാഖകളിൽവരെ സ്വർണ കൈമാറ്റത്തിന് ഇൻവോയിസും ഇ–-വേ ബില്ലുംവേണ്ട എന്നതാണ് ഇതിന് വളംവയ്‌ക്കുന്നത്. ഇത്തരത്തിലെത്തുന്ന സ്വർണം കല്യാണവീടുകളിൽവരെ എത്തിച്ചുവിൽക്കുന്നതും വ്യാപകമാണ്. നികുതി വലയത്തിനുപുറത്താണ് ഈ തട്ടിപ്പുകൾ.
വാറ്റിലും തട്ടിപ്പിന് ശ്രമം
മുല്യവർധിത നികുതി (വാറ്റ്)യിലും വൻതോതിൽ നികുതിവെട്ടിപ്പ് ശ്രമമുണ്ടായി. എന്നാൽ, സംസ്ഥാന സർക്കാരിന്റെ അവസരോചിത ഇടപെടലാണ് അതിനു തടയിട്ടത്. വാറ്റിൽ സ്വർണനികുതി വാർഷികവരുമാനം 21 കോടിയിലേക്ക് കൂപ്പുകുത്തിയതോടെയാണ് സർക്കാർ ഇടപെട്ടത്. തലേവർഷം ഒടുക്കിയ നികുതിയുടെ ഒന്നരമടങ്ങ് അടയ്ക്കാൻ തയ്യാറാകുന്ന വ്യപാരിക്ക് കണക്കുനോക്കാതെ കോമ്പൗണ്ട് ചെയ്യാൻ വ്യവസ്ഥ നൽകി. ഒപ്പം വർഷാവർഷം 15 ശതമാനംവരെ കോമ്പൗണ്ടിങ് നിരക്കുയർത്തുകയും ചെയ്‌തു. ഇതോടെ വാർഷിക വരുമാനം 630 കോടിയായി ഉയർന്നു.
സ്വർണനികുതി (ജിഎസ്‌ടി ) (തുക കോടിയിൽ)
2016–-17 629.65
2017–-18 538.39
2018–-19 425.51
2019–-20 435.06
2020–-21 478.20