ന്യൂഡല്‍ഹി : വിവിധ സംസ്ഥാനങ്ങളിലെ 56 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, ഒഡീഷ, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്.
മണിപ്പൂര്‍ ഒഴികെ 54 സീറ്റുകളില്‍ നവംബര്‍ മൂന്നിന് വോട്ടെടുപ്പ് നടക്കും. മണിപ്പൂരിലെ രണ്ടു സീറ്റുകളിലും ബീഹാറിലെ പാര്‍ലമെന്റ് സീറ്റിലേക്കും നവംബര്‍ ഏഴിന് വോട്ടെടുപ്പ് നടക്കും. നവംബര്‍ 10 നാണ് എല്ലായിടത്തും വോട്ടെണ്ണല്‍ നടക്കുക. മണിപ്പൂര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ 10 ന് പുറപ്പെടുവിക്കും. 16 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. മണിപ്പൂരില്‍ ഒക്ടോബര്‍ 13 ന് വിജ്ഞാപനം ഇറങ്ങും. 20 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.
അതേസമയം കേരളം അടക്കം നാലു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ടെന്നുവെച്ചു. കേരളം, തമിഴ്‌നാട്, അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളാണ് ഉപേക്ഷിച്ചത്. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കേരളത്തില്‍ കുട്ടനാട്, ചവറ നിയമസഭ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരുന്നത്. ഇതടക്കം ഏഴ് ഉപതെരഞ്ഞെടുപ്പുകളാണ് ഉപേക്ഷിച്ചത്.