തിരുവനന്തപുരം : കഴക്കൂട്ടം കാരോട് ബൈപ്പാസ് അവസാനിക്കുന്ന നെയ്യാറ്റിൻകരപ്രദേശത്ത് പണികൾ പാതി വഴിയിലാണ്. നെയ്യാറിന് കുറുകേ പാലം പണി തീർന്ന് ഒന്നരവർഷമായിട്ടും അപ്രോച്ച് റോഡ് അൻപത് ശതമാനം പോലുമായിട്ടില്ല. പ്രധാന ജംഗ്ഷനുകളിലെ നിർമ്മാണം അശാസ്ത്രീയമാണെന്നാരോപിച്ച് നാട്ടുകാർ രംഗത്തുമെത്തിയിട്ടുണ്ട്.
കഴക്കൂട്ടം കാരോട് ബൈപ്പാസ് അവസാനിക്കുന്നത് നെയ്യാറിന് കുറുകേ തീർത്ത ഈ ബൈപ്പാസിലാണ്. ഇവിടെ നിന്ന് അഞ്ച് കിലോമീറ്റർ സഞ്ചാരിച്ചാൽ കാരോടെത്തി. ഈ പാലം ഒന്നര വർഷം മുൻപ് പൂർത്തിയായതാണ്. എന്നാൽ അപ്രോച്ച് റോഡിന്റെ പണിയുടെ അവസ്ഥ ഇതാണ്. പാലത്തിന്റെ അപ്രോച്ച് റോഡിനായി മണ്ണ് ഇട്ട് തുടങ്ങിയിട്ടില്ല. വശത്തുള്ള കോൺക്രീറ്റ് വാൾ പോലും തുടങ്ങിയിട്ടേയുള്ളു. ഇതിനിടെ മാവിളക്കടവിൽ പാലത്തിന് പകരമായി അശാസ്ത്രിയമായി അടിപ്പാത നിർമ്മിക്കുന്നുവെന്ന പരാതിയുമായി തിരുപുറം പഞ്ചായത്ത് തന്നെ രംഗത്തെത്തി.
ബൈപ്പാസിന് കുറുകേ നെയ്യാറ്റിൻകരയിൽ നിന്ന് പൂവാറിലേക്ക് പോകുന്ന റോഡിലെ പുറുത്തിവിളയെ പ്രധാന ജംഗഷനാക്കമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയപാർട്ടികൾ സമരത്തിലായിരുന്നു. ഇക്കാര്യം തത്വത്തിൽ അംഗീകരിച്ചതായാണ് ശശി തരൂർ എംപി അറിയിച്ചത്. ജംഗഷമായി മാറ്റുകയാണെങ്കിൽ നിർമ്മാണം വീണ്ടും വൈകും. അതായത് ഈ രീതിയിലാണ് നിർമ്മാണം പുരോഗമിക്കുന്നതെങ്കിൽ പണി പൂർത്തിയാക്കാൻ കുറഞ്ഞത് ഒരു വർഷമെങ്കിലുമെടുക്കും.