മല്ലപ്പള്ളി : മതനിരപേക്ഷ ജനാധിപത്യ സംസ്‌കാരം വളര്‍ത്തുന്ന വിദ്യാലയങ്ങളാണ് വികസിച്ചു വരേണ്ടതെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. നൂറാം വാര്‍ഷികത്തിലേക്കു കടന്ന കോട്ടാങ്ങല്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം കോട്ടാങ്ങല്‍ ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മതനിരപേക്ഷ ജനാധിപത്യ സംസ്‌കാരത്തിന്റെ ഉറവിടമാണ് വിദ്യാലയങ്ങള്‍. ലോകത്തില്‍ ഏറ്റവും ശാസ്ത്രീയമായ വിദ്യാഭ്യാസം നല്‍കുന്നത് പൊതുവിദ്യാലയങ്ങളാണ്. പൊതുവിദ്യാലയങ്ങളുടെ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കിത്തരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണ്. കേരളം വിദ്യാഭ്യാസത്തില്‍ ഒന്നാം സ്ഥാനത്താണ്. 82 പോയന്റാണ് ഇത്തവണ ലഭിച്ചത്. ഒന്നാം സ്ഥാനത്തിന് അര്‍ഹരാക്കിയത് കേരളത്തിലെ ജനങ്ങളാണ്. അത് നൂറ് പോയിന്റ് ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അടിത്തറയുള്ള തലമുറയെ വളര്‍ത്തിയെടുക്കുകയാണ് നമ്മുടെ ചുമതല. കോട്ടാങ്ങല്‍ സ്‌കൂളിന്റ പുതിയ കെട്ടിടത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയാല്‍ നിര്‍മ്മിക്കാനുള്ള തുക സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ശതാബ്ദി സ്മാരക ശിലാസ്ഥാപനം സ്‌കൂള്‍ അങ്കണത്തില്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു.
രാജു എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എംപി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് മുഖ്യ പ്രഭാഷണം നടത്തി. കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജന്‍, അംഗങ്ങളായ ഇ.കെ അജി, എല്‍സി ചാക്കോ, ജോസി ഇലഞ്ഞിപ്പുറം, ആലീസ് സെബാസ്റ്റ്യന്‍, അനി രാജു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ.ശാന്തമ്മ, എ.ഇ.ഒ വി.നളിനി, പഞ്ചായത്ത് അംഗം എബിന്‍ ബാബു, പ്രഥമ അധ്യാപിക വി.കെ.രാജശ്രീ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൂര്‍വ അധ്യാപക-വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.