ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ ചട്ടലംഘനങ്ങൾ അറിയിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ സി-വിജില്‍ ആപ്പ് വൻ ഹിറ്റ്. 2024 പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇതുവരെ 79,000ത്തിലധികം പരാതികൾ ലഭിച്ചപ്പോള്‍ ഇവയില്‍ 99% എണ്ണവും തീർപ്പാക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 89% പരാതികളും 100 മിനിറ്റിനുള്ളിലാണ് പരിഹരിച്ചത് എന്നതും വളരെ ശ്രദ്ധേയമാണ്. സി-വിജില്‍ ആപ്പ് വഴി ലഭിച്ച 58,500ലധികം പരാതികൾ അനധികൃത ഹോർഡിങ്ങുകൾക്കും ബാനറുകൾക്കുമെതിരെയാണ്. പണം, സമ്മാനങ്ങൾ, മദ്യവിതരണം എന്നിവയുമായി ബന്ധപ്പെട്ട് 1400ലധികം പരാതികൾ ലഭിച്ചു. 2454 പരാതികള്‍ വസ്തുവകകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടതും 535 എണ്ണം തോക്ക് കാട്ടിയതും ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടതുമാണ്.
തോക്ക് കാട്ടിയതിനും ഭീഷണിപ്പെടുത്തിയതിനും ലഭിച്ച 535 പരാതികളിൽ 529 എണ്ണം ഇതിനകം പരിഹരിച്ചു. അനുവദനീയമായ സമയത്തിനപ്പുറം സ്പീക്കറുകൾ ഉപയോഗിച്ചതുൾപ്പെടെയുള്ളവയ്ക്കാണ് 1000 പരാതികൾ ലഭിച്ചിട്ടുണ്ട്. സി-വിജില്‍ ആപ്ലിക്കേഷൻ പൊതു തെരഞ്ഞെടുപ്പ് മേൽനോട്ടത്തിലും പ്രചാരണകോലാഹലങ്ങൾ കുറയ്ക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നതായാണ് നിഗമനം. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും വോട്ടർമാർക്ക് ഏതെങ്കിലും തരത്തിലുള്ള പ്രലോഭനങ്ങൾ നൽകുന്നത് അറിയിക്കാനും സി-വിജില്‍ ആപ്പ് ഉപയോഗിക്കണമെന്ന് 2024 പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ രാജീവ് കുമാർ അഭ്യർഥിക്കുകയും ചെയ്തിരുന്നു.