ന്യൂഡല്‍ഹി: മംഗലാപുരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന സമരത്തില്‍ തടവറയിലായ 21 പേര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19ന് നടന്ന സമരത്തെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. ഒന്നിടവിട്ട തിങ്കളാഴ്ചയില്‍ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ ഒപ്പിടണം, യോഗങ്ങളിലോ സമരങ്ങളിലോ പങ്കെടുക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയിരുന്നെങ്കിലും കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. മാര്‍ച്ച് 6ന് നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്.
ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്ത കാരണത്താല്‍ ആറ് മാസമായി 21 പേരും ജയിലില്‍ തന്നെ തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവ് നല്‍കാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനായ ബെഞ്ച് തയ്യാറായത്. പ്രതിചേര്‍ക്കപ്പെട്ട 21 പേരും സംഘര്‍ഷം നടന്ന സ്ഥലത്ത് ഇല്ലായിരുന്നുവെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിനുള്ള അംഗീകാരമായി ഈ വിധിയെ കണക്കാക്കരുതെന്ന് കോടതി വ്യക്തമാക്കി.
സമാധാനപരമായി നടന്ന ഒരു പ്രകടനത്തിലാണ് തങ്ങള്‍ പങ്കെടുത്തതെന്നും പക്ഷേ, പോലീസ് അകാരണമായി വെടിവെയ്ക്കുകയായിരുന്നെന്നും പ്രതിചേര്‍ക്കപ്പെട്ടവര്‍ വാദിച്ചു. ഏഴ് മാസമായി തങ്ങള്‍ തടവറയിലാണെന്നും കേസില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ച സാഹചര്യത്തില്‍ തങ്ങള്‍ക്ക് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ വാദം. കൊവിഡ് വ്യാപനഭീഷണിയും ചൂണ്ടിക്കാട്ടപ്പെട്ടു.
ആര്‍ ബസന്ത്, ഹാരിസ് ബീരാന്‍, പല്ലവി പ്രതാപ് തുടങ്ങിയവരാണ് കേസില്‍ ഹാജരായത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരായി.