ഡല്‍ഹി: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. നിയമത്തിന്റെ സാധുത മുന്‍ നിര്‍ത്തിയുള്ള 133 ഹര്‍ജികളാണ് പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ നിലപാട് നിര്‍ണായകമാണ്.
നിയമത്തെ അനുകൂലിച്ചും എതിര്‍ത്തും ഹര്‍ജികള്‍ എത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹരജികളില്‍ പ്രാഥമിക വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ എസ്. അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
സുപ്രീംകോടതി കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സര്‍വകലാശാലകളിലും കോളജുകളിലും വിദ്യാര്‍ഥികള്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധമാണെന്നും കേരളവും പഞ്ചാബും പാസാക്കിയ നിയമസഭ പ്രമേയങ്ങള്‍ക്ക് സാധുതയുണ്ടെന്നും പ്രമുഖ അഭിഭാഷകന് കപില്‍ സിബല്‍ വിശദീകരിച്ചു.