ഡല്‍ഹി: രാജ്യത്ത് 157 പുതിയ നഴ്‌സിങ് കോളജുകള്‍ ആരംഭിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം കേരളത്തെ ഒഴിവാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പുതിയ കോളജുകള്‍ അനുവദിച്ചത്. നിലവിലുള്ള മെഡിക്കല്‍ കോളേജുകളുമായി സഹകരിച്ച് 1570 കോടി രൂപ ചെലവില്‍ 157 പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ നഴ്‌സിങ് കോളേജുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കിയത്.
ഏറ്റവും കൂടുതല്‍ നഴ്സിങ് കോളജുകള്‍ അനുവദിച്ചത് ഉത്തര്‍ പ്രദേശിലാണ്. 27 കോളജുകളാണ് അനുവദിച്ചത്. രാജസ്ഥാനില്‍ 23, തമിഴ്നാട് 11, കര്‍ണാടക 4 എണ്ണവും അനുവദിച്ചു. ഇതിനായി 1570 കോടി രൂപ അനുവദിച്ചതായും, രണ്ടുവര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓരോ വര്‍ഷവും 15,700 നഴ്സിങ് ബിരുദധാരികളെ പുതിയതായി കൂട്ടിച്ചേര്‍ക്കാന്‍ ഈ തീരുമാനം വഴിയൊരുക്കും. ചെലവ് കുറഞ്ഞതും നിലവാരമേറിയതും തുല്യത നിറഞ്ഞതുമായ നഴ്‌സിംഗ് വിദ്യാഭ്യാസം രാജ്യത്ത് ഉറപ്പാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.