തിരുവനന്തപുരം: അച്ഛനും അമ്മയും ഉള്‍പ്പെടെ 4 പേരെ കൊലപ്പെടുത്തിയ കേസില്‍നിന്ന് ഒഴിവാക്കണമെന്ന പ്രതി കാഡല്‍ ജിന്‍സണ്‍ രാജയുടെ ആവശ്യം കോടതി തള്ളി. കൊലപാതകം നടത്തുമ്പോള്‍ പ്രതി മനോരോഗത്തിനു ചികിത്സയില്‍ ആയിരുന്നോ എന്ന് അന്വേഷിക്കാന്‍ പോലീസിന് ഒന്നാം അഡി.സെഷന്‍സ് കോടതി നിര്‍ദേശം നല്‍കി. ആസ്ട്രല്‍ പ്രൊജക്ഷന്റെ പേരുപറഞ്ഞ് അമ്മയും അച്ഛനും ഉള്‍പ്പെടെ നാലുപേരെ കാഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയെന്നാണു കേസ്.
കാഡല്‍ വര്‍ഷങ്ങളായി മനോരോഗത്തിനു ചികിത്സയിലാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. കൊലപാതകം നടക്കുമ്പോള്‍ കാഡല്‍ മനോരോഗത്തിനു ചികിത്സയില്‍ ആയിരുന്നു എന്നതിനു തെളിവുകള്‍ ഹാജരാക്കാനും പ്രതിഭാഗത്തിനായില്ല. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ഇതു വിശ്വസിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. തുടര്‍ന്നാണ്, കൊലപാതകം നടക്കുമ്പോള്‍ കാഡല്‍ ചികിത്സയില്‍ ആയിരുന്നോ എന്ന് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനു കോടതി നിര്‍ദേശം നല്‍കിയത്. ഈ മാസം 21ന് കേസ് വീണ്ടും പരിഗണിക്കും.