മാനന്തവാടി : രണ്ടാഴ്ചത്തെ അനിശ്ചിതത്വങ്ങള്‍ക്കുശേഷം രണ്ട് പ്രദേശങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു. മാനന്തവാടി നഗരസഭ പരിധിയിലെ ചെറൂരില്‍ എടപ്പറ പൗലോസിന്റെ തോട്ടത്തിലാണ് സീനിയര്‍ വെറ്ററിനറി ഫോറസ്റ്റ് ഓഫിസര്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ കൂട് സ്ഥാപിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ കടുവ തൊഴുത്തില്‍നിന്ന് പിടികൂടിയ മുണ്ടക്കല്‍ ജോണിന്റെ പശുക്കിടാവിന്റെ ശരീരാവശിഷ്ടങ്ങളും കൂട്ടില്‍ ഇരയായി വെച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ ചെറൂരില്‍ റോഡരികിലെ തോട്ടത്തിലൂടെ കടുവ നടന്നുനീങ്ങുന്നത് പ്രദേശവാസികള്‍ നേരില്‍ കണ്ടിരുന്നു. തുടര്‍ന്ന് സബ് കലക്ടര്‍ നഗരസഭയിലെ ചെറൂര്, കുറുവ, കാടന്‍കൊല്ലി, കുറുക്കന്മൂല പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയെ നേരില്‍ കണ്ടതിനെ തുടര്‍ന്ന് ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ രണ്ടുതവണ മയക്കുവെടിവെക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
എം.എല്‍.എമാരായ ഒ.ആര് കേളു, ഐ.സി ബാലകൃഷ്ണന്, സബ് കലക്ടര്‍ ആര്.ശ്രീലക്ഷ്മി, തഹസില്‍ദാര്‍ ജോസ് ചിറ്റിലപ്പിള്ളി, ഡി.എഫ്.ഒ മാരായ രമേഷ് ബിഷ്ണോയ്, എ.ഷജ്ന, ഹരിലാല്‍, നഗരസഭ വൈസ് ചെയര്മാന് പി.വി.എസ് മൂസ, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. മാനന്തവാടി ഡി.വൈ.എസ്.പി പി.ചന്ദ്രന്, സി.ഐ എം.എം അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ മാരും എസ്.ഐ മാരുമുള്‍പ്പെടെ നിരവധി പോലീസുകാരും ക്രമസമാധാന പാലത്തിനായി എത്തിയിരുന്നു. രാത്രിയോടെ പ്രദേശത്ത് പോലീസ് വാഹനഗതാഗതം നിയന്ത്രിക്കുകയും വനം വകുപ്പ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.