തിരുവനന്തപുരം: കൊവിഡ് വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞപ്പോള്‍ ലോക്ക്ഡൗണിലായത് പലരുടേയും ജീവിതമാണ്. അണ്‍ലോക്കിലേക്ക് രാജ്യം കടന്നെങ്കിലും കൊവിഡിന് മുമ്പുളള ജീവിതം തിരിച്ചുപിടിക്കാന്‍ മഹാഭൂരിപക്ഷത്തിനും സാധിച്ചിട്ടില്ല. അങ്ങനെയിരിക്കെയാണ് ബിരിയാണിയും കേക്കും മറ്റ് ഭക്ഷ്യവസ്‌തുക്കളുമെല്ലാം വീട്ടിലുണ്ടാക്കി വില്‍ക്കാനുളള ശ്രമം പലരും തുടങ്ങിയത്. എന്നാല്‍ അങ്ങനെ വെറുതെ ഭക്ഷ്യവസ്‌തുക്കള്‍ ഉണ്ടാക്കിവയ്‌ക്കുന്നവര്‍ സൂക്ഷിച്ചേ മതിയാകൂ.
ലൈസന്‍സും രജിസ്ട്രേഷനുമില്ലാതെ വില്‍പ്പന നടത്തിയാല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് മാസം വരെ തടവും അനുഭവിക്കേണ്ടി വരും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യയൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്നത്. 2011ഓഗസ്റ്റ് അഞ്ചിനാണ് ഇതുസംബന്ധിച്ച നിയമം നിലവില്‍ വന്നതെങ്കിലും പലരും മനസിലാക്കി തുടങ്ങുന്നത് ഈ കൊവിഡ് കാലത്താണ്.
മായം ചേര്‍ത്ത ആഹാരം വില്‍പ്പന നടത്തിയാല്‍ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ചായിരിക്കും ജയില്‍ ശിക്ഷയും പിഴയും. ലേബല്‍ ഇല്ലാതെ വില്‍പ്പന നടത്തിയാല്‍ മൂന്ന് ലക്ഷം രൂപ പിഴ ഈടാക്കും. അതുപോലെ ഗുണമേന്മയില്ലാതെ വില്‍പ്പന നടത്തിയാല്‍ അഞ്ച് ലക്ഷം രൂപയാണ് പിഴ.
സംസ്ഥാനത്ത് മാര്‍ച്ചിനുശേഷം 2300 രജിസ്ട്രഷനാണ് നടന്നത്. എന്നാല്‍ ഇപ്പോഴും ലൈസന്‍സും രജിസ്ട്രേഷനുമില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി യൂണിറ്റുകളുണ്ട്. പലര്‍ക്കും നിയമത്തെക്കുറിച്ച് ധാരണയില്ല. വീട്ടിലുണ്ടാക്കുന്ന സാധനങ്ങള്‍ വിറ്റാല്‍ എന്താണ് പ്രശ്‌നമെന്നാണ് പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരോട് പലരും ചോദിക്കുന്നത്. എന്നാല്‍ അങ്ങനെ നിസാരമായ കാര്യമല്ലിത് എന്നു വേണം ആദ്യം മനസിലാക്കേണ്ടത്.
രജിസ്ട്രേഷന് വേണ്ടിയുളള നടപടിക്രമങ്ങള്‍ അനായാസം നടത്താന്‍ സാധിക്കും. ഫോട്ടോ ഐ.ഡി, ഫോട്ടോ തുടങ്ങിയവ അപ്‌ലോഡ് ചെയ്‌ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഉപയോഗിക്കുന്ന വെളളത്തിന്റെയും സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം നിര്‍മാതാവിനാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫിസില്‍ നിന്നാണ് ലൈസന്‍സും രജിസ്ട്രേഷനും നല്‍കുന്നത്. വീഴ്ച വരുത്തിയതായി വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട മേഖലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കും.
പന്ത്രണ്ട് ലക്ഷം രൂപയ്‌ക്ക് മുകളില്‍ കച്ചവടം ഉണ്ടെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. അതിനു താഴെയാണെങ്കില്‍ രജിസ്ട്രേഷന്‍ നടത്തണം. അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.