കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയില്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ ആദ്യ സെമസ്റ്ററിെന്റ ഫലം പോലും പുറത്തുവന്നില്ല. 2019 ല്‍ പ്രവേശനം നേടി ഈ അധ്യയന വര്‍ഷം കോഴ്സ് അവസാനിക്കേണ്ടവരുടെ ഫലമാണ് വൈകുന്നത്. കോവിഡിനെ കുറ്റം പറയുന്നതാണ് സര്‍വകലാശാലയുടെ രീതി. 2020 ല്‍ നടന്ന പരീക്ഷയുടെ ഫലം 2021 ജനുവരിയില്‍ തയാറാക്കിയിട്ടുണ്ട്. എന്നാല്‍ സാേങ്കതിക കാരണങ്ങളാലാണ് വൈകുന്നത്. 2019 ല്‍ റഗുലേഷന് മാറിയതിനാല്‍ അതിനനുസരിച്ച് സോഫ്റ്റ്വെയര് അപ്ഡേറ്റ് ചെയ്യാത്തതാണ് വിദ്യാര്‍ഥികള്‍ക്ക് വിനയായത്. മോഡറേഷനും മാര്‍ക്കും ശതമാനവുമടക്കമുള്ള കാര്യങ്ങളിലും തീരുമാനമാകാനുണ്ട്. സാങ്കേതികവിഭാഗത്തിന് എളുപ്പത്തില്‍ െചയ്യാവുന്ന കാര്യങ്ങളാണിത്.
നിലവില്‍ അവസാനവര്‍ഷത്തിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഫലം വൈകല്‍. വിദേശ കമ്പനികളടക്കം നിരവധി സ്ഥാപനങ്ങള്‍ കാമ്പസ് റിക്രുട്ട്മെന്റ് നടത്തുന്ന സമയമാണിത്. ഇതുവരെയുള്ള സെമസ്റ്ററുകളുടെ പരീക്ഷ ഫലമുെണ്ടങ്കില് മാത്രമേ കമ്പനികള്‍ റിക്രൂട്ട്മെന്റ് നടത്തൂ. 60 ശതമാനം മാര്‍ക്കുള്ളവരെയും സപ്ലിമെന്ററിയില്ലാത്തവരെയുമാണ് തെരഞ്ഞെടുക്കുന്നത്. എന്നാല്‍ കാലിക്കറ്റിലെ വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകുമോയെന്ന ആശങ്ക ശക്തമാണ്. എം.ജി അടക്കമുള്ള സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളില്‍ ഇേന്റണല്‍ പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിച്ചിരുന്നു.
കോവിഡും ലോക്ക്ഡൗണും കാരണം ഇതുവരെ രണ്ട് സെമസ്റ്റര്‍ പരീക്ഷ മാത്രമാണ് നടന്നത്. രണ്ടാം സെമസ്റ്ററിെന്റ ഫലവും പുറത്തുവന്നിട്ടില്ല. നിലവില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് തുടര്‍ച്ചയായ പരീക്ഷകളാണ്. ഈമാസം 27ന് മൂന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങും. പിന്നീട് മാര്‍ച്ച് വരെ 30 ഓളം പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികള്‍ ഹാജരാകണം.