കോഴിക്കോട്: ലഹരിക്കെതിരെ പോരാട്ടത്തിന് തുടക്കമിട്ട് കാലിക്കറ്റ് സര്‍വകലാശാല. ലഹരിക്കെതിരേ തയ്യാറാക്കിയ സമഗ്ര പദ്ധതി രേഖ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്തു. ലഹരിയെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് പദ്ധതി രേഖ പ്രകാശനം ചെയ്തുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. ഗവർണ്ണറും വൈസ് ചാന്‍സലറും ഉള്‍പ്പടെ സെനറ്റംഗങ്ങളും ജീവനക്കാരുമെല്ലാം ലഹരിക്കെതിരായ മുദ്രാവാക്യമെഴുതിയ മേല്‍ക്കുപ്പായം ധരിച്ചാണ് സെനറ്റ് യോഗത്തിൽ പങ്കെടുത്തത്.
ലഹരിക്കെതിരെ സര്‍വകലാശാലകള്‍ മുന്നിട്ടിറങ്ങണമെന്നും സമൂഹം ഒറ്റക്കെട്ടായി ലഹരിവിരുദ്ധ പോരാട്ടത്തിന്റെ പുറകെ പിന്തുണയുമായി ഉണ്ടാകുമെന്നും സെനറ്റിനെ അഭിസംബോധന ചെയ്ത് ചാന്‍സലര്‍ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. പദ്ധതിക്ക് സര്‍ക്കാറിന്റെ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.