കാലിഫോര്‍ണിയ : യുഎസിലെ കാലിഫോര്‍ണിയയില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വംശജരായ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. 8 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെയുളളവരാണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ ഹര്‍സി പിന്ദ് സ്വദേശികളായ കുടുംബത്തെ തിങ്കളാഴ്ചയാണ് കാലിഫോര്‍ണിയയിലെ മെഴ്സ്ഡ് കൗണ്ടിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. 8 മാസം പ്രായമുള്ള കുഞ്ഞ് അരൂഹി ധേരി, ജസ്ലീന്‍ കൗര്‍ (27), ജസ്ദീപ് സിംഗ (36), അമന്‍ദീപ് സിംഗ് (39) എന്നിവരാണ് മരണപ്പെട്ടത്.
നാലംഗ സിഖ് കുടുംബത്തെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി എന്ന് കരുതപ്പെടുന്ന 48 കാരനായ ഒരാളെ കസ്റ്റഡിയിലെടുത്തതായും അയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്നും അധികൃതര്‍ അറിയിച്ചു. കുടുംബാംഗങ്ങളില്‍ ഒരാളുടെ ഉടമസ്ഥതയിലുള്ള വാഹനം തിങ്കളാഴ്ച വൈകിയാണ് തീപിടിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയതാണെന്ന് അധികൃതര്‍ അറിയിച്ചത്.