മുംബൈ: ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട് ഇന്ത്യൻ യുവാവുമായി പ്രണയത്തിലായ സീമ ഹൈദർ പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ 2008ലെ മുംബൈ മോഡൽ ആക്രമണമുണ്ടാകുമെന്ന് ഭീഷണി. മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്കാണ് ഉറുദു സംസാരിക്കുന്ന അജ്ഞാതന്റെ ഫോൺകോൾ വന്നത്. സീമ ഹൈദർ തിരികെയെത്തിയില്ലെങ്കിൽ ഇന്ത്യയ്ക്ക് വലിയ നാശമുണ്ടാകുമെന്നും 26/11 മുംബൈ ഭീകരാക്രമണത്തിനു സമാനമായ മറ്റൊരാക്രമണത്തിന് തയ്യാറായിക്കൊള്ളാനും അജ്ഞാതൻ ഫോൺ സന്ദേശത്തിൽ പറഞ്ഞു. ആക്രമണമുണ്ടായാൽ അതിനു കാരണക്കാർ ഉത്തർപ്രദേശ് സർക്കാർ ആയിരിക്കുമെന്നും ഇയാൾ പറഞ്ഞതായി മുംബൈ പോലീസ് വ്യക്തമാക്കി.
ബുധനാഴ്ച രാത്രി ഫോൺ കോൾ വന്നതിനു പിന്നാലെ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊബൈൽ ആപ്ലിക്കേഷനിൽ നിന്നാണ് കോൾ വന്നത്. ഐപി അഡ്രസ്സ് ട്രാക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്. പബ്ജി ഗെയിം കളിക്കുന്നതിനിടെ പരിചയപ്പെട്ട ഗ്രേറ്റർ നോയിഡ സ്വദേശി സച്ചിൻ മീണയുമായി പ്രണയത്തിലായ സീമ ഹൈദർ അനധികൃതമായാണ് ഇന്ത്യയിലെത്തിയത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽനിന്നുള്ള സീമ 2014ൽ വിവാഹശേഷം കറാച്ചിയിൽ താമസിച്ചുവരികയായിരുന്നു. നേപ്പാൾ വഴി നാല് കുട്ടികളുമായാണ് അവർ ഇന്ത്യയിലേക്ക് കടന്നത്. അനധികൃതമായി താമസിക്കുന്നുവെന്ന കുറ്റത്തിന് സീമയെയും സംരക്ഷണം നൽകിയ സച്ചിനെയും ജൂലൈ നാലിന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കേസ് പരിഗണിച്ച നോയിഡയിലെ കോടതി ഇരുവരെയും ജാമ്യത്തിൽ വിട്ടു. മാധ്യമങ്ങൾക്കു മുന്നിലെത്തിയ ഇവർ തങ്ങളുടെ പ്രണയം തുറന്നുപറയുകയും വിവാഹിതരായി ഇന്ത്യയിൽ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ജോലിയുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ കഴിയുന്ന സീമയുടെ ഭർത്താവ്‍ ഗുലാം ഹൈദർ കാര്യങ്ങൾ പിന്നീടാണറിഞ്ഞതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. തന്റെ കുടുംബത്തെ തിരികെയെത്തിക്കാൻ സഹായിക്കണമെന്ന് ഹൈദർ കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചതായും റിപ്പോർട്ടിൽ പറയുന്നു