തിരുവനന്തപുരo : രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പുതിയ ക്യാംപസിന് ആര്‍.എസ്.എസ് മേധാവിയായിരുന്ന ഗോള്‍വാള്‍ക്കറിന്‍റെ പേര് നല്‍കാനുള്ള തീരുമാനത്തിനെതിരെ മുസ്‍ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഗോള്‍വാള്‍ക്കറുടെ പേരിട്ട നടപടി ദൗര്‍ഭാഗ്യകരമായ നടപടിയാണെന്നും യാതൊരു പ്രസക്തിയും അതിനില്ലെന്നും ഉദ്ദേശ്യ ശുദ്ധി തന്നെ ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തീരുമാനം കേന്ദ്രം പിന്‍വലിക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ഔദ്യോഗിക സ്ഥാനങ്ങളിലിരുന്നവരുടെ, കേന്ദ്രമന്ത്രി, പ്രധാനമന്ത്രി എന്നിവരുടെ അല്ലെങ്കില്‍ ആരും തര്‍ക്കിക്കാത്ത സ്വാതന്ത്രൃ സമര സേനാനികളുടെ ഒക്കെ പേരുകളാണ് ഇത്തരത്തില്‍ നാമകരണം ചെയ്യുമ്പോള്‍ വരാറുള്ളത്. ഗോള്‍വാള്‍ക്കറെ ബഹുമാനിക്കുന്നവര്‍ക്ക് അവരുടെ സ്ഥാപനങ്ങള്‍ക്ക് ആ പേര് നല്‍കാം, ഒരു പൊതുസ്ഥാപനത്തിന്, ജനങ്ങളെ വിഭജിക്കുന്നതില്‍ ഒരു പങ്കുവഹിച്ചു എന്ന് മറ്റു ജനവിഭാഗങ്ങള്‍ ഏറെ വിശ്വസിക്കുന്ന, വിവാദ നായകനായ ഗോള്‍വാള്‍ക്കറുടെ പേരിട്ടത് ശരിയായില്ല. ഇത്തരത്തിലൊരു നടപടി ഒരിക്കലും തന്നെ പൊതു പ്രാധാന്യമുള്ളതല്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതെ സമയം, കേരളത്തിലെ മുന്‍നിര ഗവേഷണ സ്ഥാപനത്തിന് ഗോള്‍വാള്‍ക്കറിന്‍റെ പേരിടുന്നതില്‍ സംസ്ഥാനത്തെ ഭരണ പ്രതിപക്ഷങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണുയര്‍ന്നത്.
രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിക്ക് ഗോള്‍വാള്‍ക്കറിന്‍റെ പേര് കൊടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ശബരീനാഥന്‍ പറഞ്ഞു. ശാസ്‍ത്രജ്ഞരുടെ പേരാണ് സെന്ററിന് കൊടുക്കേണ്ടത്. മറ്റ് സംസ്ഥാനങ്ങളില്‍ ചെയ്യുന്നത് ആര്‍എസ്‌എസ് കേരളത്തിലും നടപ്പാക്കുന്നുവെന്നും ശബരീനാഥന്‍ എംഎല്‍എ പറഞ്ഞു. ഗോള്‍വാള്‍ക്കര്‍ ഏറ്റവും വലിയ വര്‍ഗീയവാദിയാണെന്നും പേരിടല്‍ നീക്കത്തെ എതിര്‍ക്കുമെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. ഗാന്ധിജിയെ വെടിവച്ചു കൊന്ന കാലത്തെ ആര്‍.എസ്.എസ് മേധാവിയായിരുന്ന ഗോള്‍വാള്‍ക്കറിന്‍റെ പേരില്‍ കേരളത്തില്‍ ഒരു വര്‍ഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് എം.എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു. വര്‍ഗീയത പ്രോത്സാഹിപ്പിച്ചതല്ലാതെ ഗോള്‍വാള്‍ക്കറിന് ശാസ്‍ത്രവുമായി എന്താണ് ബന്ധമുള്ളതെന്ന് ശശി തരൂര്‍ എം.പി ചോദിച്ചു. മതത്തിന് ശാസ്ത്രത്തിന് മേല്‍ മേധാവിത്വം വേണമെന്ന പരാമര്‍ശത്തിന്‍റെ പേരിലാണ് ഗോള്‍വാള്‍ക്കര്‍ ഓര്‍മിക്കപ്പെടേണ്ടതെന്നും ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.