കൊച്ചി : മോട്ടോർ വാഹനങ്ങളിൽ ‘സേഫ്റ്റി ഗ്ലേസിംഗ്’ ചില്ലുകൾ ഘടിപ്പിക്കാൻ നിയമതടസമില്ലെന്ന് ഹൈക്കോടതി. ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം പിടിപ്പിച്ച ബി.എസ്.എസ് നിലവാരമുള്ള ചില്ലുകളാണ് അനുവദിനീയമെന്നും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. വാഹനങ്ങളിൽ സേഫ്റ്റി ഗ്ലാസുകൾ മാത്രമാണ് അനുവദിനീയമെന്നും ‘സേഫ്റ്റി ഗ്ലേസിംഗ്’ ഗ്ലാസുകൾ പാടില്ലെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നുമാണ് മോട്ടോർ വാഹന വകുപ്പ് വാദിച്ചത്. എന്നാൽ 2021ൽ കേന്ദ്ര സർക്കാർ മോട്ടോർ വാഹനച്ചട്ടം (റൂൾ 100) ഭേദഗതി ചെയ്തതോടെ ‘സേഫ്റ്റി ഗ്ലേസിംഗ്’ കൂടി അനുവദനീയമായി. സുപ്രീംകോടതി ഉത്തരവ് ഈ ഭേദഗതിക്ക് മുമ്പ് ഇറങ്ങിയതാണെന്നും ഹൈക്കോടതി പറഞ്ഞു.
സേഫ്റ്റി ഗ്ലാസിന്റെ ഉൾപ്രതലത്തിൽ പ്ലാസ്റ്റിക്ക് ഫിലിം പതിപ്പിച്ചതിനെ സേഫ്റ്റി ഗ്ലേസിംഗിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചട്ടങ്ങളിൽ നിഷ്‌കർഷിക്കുന്ന സുതാര്യത (മുൻ, പിൻ ഭാഗങ്ങളിൽ 70 ശതമാനം, വശങ്ങളിൽ 50 ശതമാനം) പാലിക്കുന്ന സേഫ്റ്റി ഗ്ലേസിംഗ് നിയമപരമാണെന്നും ഉത്തരവിൽ പറയുന്നു. ഈ പശ്ചാത്തലത്തിൽ കൊച്ചിയിലെ സൺ കൺട്രോൾ ഫിലിം സ്റ്റോക്കിസ്റ്റിനും ആലപ്പുഴയിലെ അക്‌സസറീസ് സ്ഥാപനത്തിനും കൂളിംഗ് ഫിലിം ഒട്ടിച്ച വാഹന ഉടമ കൃഷ്ണകുമാറിനുമെതിരെ മോട്ടോർ വാഹന വകുപ്പ് നൽകിയ നോട്ടീസും ചെല്ലാനും ഹൈക്കോടതി റദ്ദാക്കി.