ബാംഗ്ലൂര്‍: പി.വി എന്നത് താങ്കള്‍ അല്ലെന്നു തെളിയിക്കാമോ ? പിണറായി വിജയനെ പരസ്യമായി വെല്ലുവിളിച്ച് സ്വപ്ന സുരേഷ്. ഇന്ന് ഉച്ചയോടെ തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് സ്വപ്ന സുരേഷ് വെല്ലുവിളിയുമായി എത്തിയത്. പിണറായി വിജയനെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റ് ഇങ്ങനെയാണ് >> Pinarayi Vijayan സർ , വിധി പകർപ്പിൽ പറഞ്ഞ പി വി താങ്കൾ അല്ല എന്ന് തെളിയിച്ചാൽ താങ്കളോട് പരസ്യമായി മാപ്പു പറയാൻ ഞാൻ തയ്യാറാണ്.. താങ്കൾക്ക് അത് തെളിയിക്കാമോ ?
കഴിഞ്ഞ കുറച്ചുനാളുകളായി രാഷ്‌ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്‌ത ഒന്നാണ് മാസപ്പടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേള്‍ക്കുന്ന പി.വി എന്ന ചുരുക്കപ്പേര്. ഇത് മുഖ്യമന്ത്രിയുടെ പേരായ പിണറായി വിജയന്റെ ചുരുക്കെഴുത്താണെന്ന ആരോപണങ്ങളും ശക്തമായിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ പേര് പുറത്തുവന്നതിനൊപ്പം കണ്ട ഈ പിവി മുഖ്യമന്ത്രിയല്ലാതെ മറ്റാരുമല്ലെന്ന പ്രതിപക്ഷ ആരോപണങ്ങളും ശക്തമായിരുന്നു. ഇത് മാധ്യമങ്ങള്‍ക്കൂടി ഏറ്റെടുത്തതോടെ പി.വി സജീവ ചര്‍ച്ചയായി. മാസങ്ങള്‍ക്ക് ശേഷം മാധ്യങ്ങളെ കാണുമ്പോഴായിരുന്നു മുഖ്യമന്ത്രിക്കുനേരെ മാസപ്പടിയോട് ചേര്‍ന്നുള്ള പിവി ആരാണെന്ന ചോദ്യവുമുയരുന്നത്. എന്നാല്‍ അത് തനിക്കറിയില്ലെന്ന പതിവ് ഒഴിഞ്ഞുമാറല്‍ തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കണ്ടത്. മാത്രമല്ല അതില്‍ കൂടുതലായി പ്രതികരിക്കാനും അദ്ദേഹം കൂട്ടാക്കിയില്ല. ബോധപൂര്‍വം അദ്ദേഹം മറ്റ് ചോദ്യങ്ങളിലേക്ക് നീങ്ങുകയായിരുന്നു.
എന്നാല്‍ ആ പിവി മുഖ്യമന്ത്രി തന്നെയാണെന്ന തരത്തില്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിയും യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരിയുമായിരുന്ന സ്വപ്‌ന സുരേഷ്. ആ പിവി ആരാണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അങ്ങനെയെങ്കില്‍ അദ്ദേഹത്തോട് പരസ്യമായി മാപ്പുപറയാന്‍ താന്‍ തയ്യാറാണെന്നുമാണ് സ്വപ്‌ന സുരേഷിന്റെ വെല്ലുവിളി. പി വി അന്‍വര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ‘പി വി’ ആരോപണത്തില്‍ ഇതിനോടകം പ്രതികൂട്ടിലായിരിക്കുന്നത്. പതിവ് പോലെ ഒരു പരിഹാസച്ചിരിയിലൊതുക്കി പിണറായിക്ക് ഇത് കണ്ടില്ലെന്ന് നടിക്കാം. എന്നാല്‍ ശരിക്കമുള്ള പി വിയെ കണ്ടെത്തേണ്ടത് സര്‍ക്കാരിന്‍റെയും സഖാക്കളുടെയും അഭിമാനപ്രശ്‌നമാണ്. അതിനും മൗനം പാലിക്കുകയാണെങ്കില്‍ ശരിക്കുമുള്ള പി വി പിണറായി വിജയന്‍ തന്നെയാണെന്ന് ജനങ്ങള്‍ വിശ്വസിക്കും.