ടൊറന്റോ : രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് കാനഡയില്‍ വര്‍ക്ക് പെര്‍മിറ്റിന് പുതുക്കിയ മാനദണ്ഡം അനുസരിച്ചുള്ള യോഗ്യത നടപ്പിലാക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ഈ മാനദണ്ഡങ്ങള്‍ നേരത്തെ നിശ്ചയിച്ച തീയതിക്ക് മുന്‍പ് തന്നെ നടപ്പില്‍ വരും. രാജ്യാന്തര വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ട ഭവനക്ഷാമം പരിഹരിക്കുന്നതിനാണ് പുതിയ മാറ്റം. ഈ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് പുതിയ തീരുമാനം നടപ്പാക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ മേയ് 15 മുതല്‍ നടപ്പിലാക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു. പൊതു-സ്വകാര്യ കരിക്കുലം ലൈസന്‍സിങ് ക്രമീകരണത്തിലൂടെ വിതരണം ചെയ്യുന്ന കോളേജ് പ്രോഗ്രാമുകളില്‍ നിന്നുള്ള ബിരുദധാരികള്‍ പുതുക്കിയ നിയമങ്ങള്‍ പ്രകാരം വര്‍ക്ക് പെര്‍മിറ്റിന് യോഗ്യത നേടില്ല. അതായത് ഈ വര്‍ഷം മേയ് 15നോ അതിനുശേഷമോ അത്തരം പ്രോഗ്രാമുകളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനം പൂര്‍ത്തിയാകുമ്പോള്‍ വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹതയുണ്ടാകില്ല.
തൊഴിലുടമയുടെ അംഗീകൃത ലേബര്‍ മാര്‍ക്കറ്റ് ഇംപാക്ട് അസസ്മെന്റിന്റെ പിന്തുണയുള്ള വര്‍ക്ക് പെര്‍മിറ്റിന് വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്നും അപേക്ഷിക്കാം. കാനഡയില്‍ തൊഴിലാളികളുടെ ക്ഷാമം നേരിടുന്ന തൊഴിലുകളില്‍ വിദ്യാര്‍ഥികള്‍ ജോലി നേടാന്‍ അവസരമുണ്ടാകും. യോഗ്യതയുള്ള കോളേജുകളും സ്ഥാപനങ്ങളും തിരിച്ചറിയുന്നതില്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിന്, ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ രണ്ട് വര്‍ഷത്തില്‍ താഴെയുള്ള മാസ്റ്റേഴ്‌സ് ഡിഗ്രി പ്രോഗ്രാം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് മറ്റെല്ലാ ആവശ്യകതകളും നിറവേറ്റുന്നപക്ഷം മൂന്ന് വര്‍ഷത്തെ പോസ്റ്റ്-ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റ് പ്രോഗ്രാമിന് (PGWP) അര്‍ഹതയുണ്ട്.